മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം : കുപ്രസിദ്ധ കുറ്റവാളി റിമാൻഡിൽ
1543631
Friday, April 18, 2025 6:09 AM IST
കൊല്ലം: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ചാത്തന്നൂർ പോലീസിന്റെ പിടിയിലായി. കടയ്ക്കാവൂർ നിലയ്ക്കമുക്ക് കോണത്തുവിള വീട്ടിൽ വിഷ്ണു(27) ആണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. മൈലക്കാട് സുനൈദ മൻസിലിൽ സലാഹുദീനെയാണ് വിഷ്ണു കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഞായറാഴ്ച രാത്രി വിഷ്ണുവും സലാഹുദീനും തമ്മിൽ ഉണ്ടായ വാക്കു തർക്കത്തെ തുടർന്നായിരുന്നു സംഭവം. വിഷ്ണു കത്തി കൊണ്ട് സലാഹുദീനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കടയ്ക്കാവൂർ സ്വദേശിയായ ഇയാൾ കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത 18 കേസുകളിൽ പ്രതിയാണ്. 2024- ൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന ഇയാൾ ജയിൽ മോചിതനായ ശേഷം ചാത്തന്നൂരും പരിസരത്തും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ചാത്തന്നൂർ പോലീസ് ഇൻസ്പെക്ടർ അനൂപിന്റെ നിർദേശപ്രകാരം എസ്ഐ മാരായ കെ.പി. ബിജു, ജി.ആർ. രാജേഷ്,സിപിഒമാരായ പ്രശാന്ത്, വരുൺ, വിനായക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.