നിയന്ത്രണം വിട്ട കാർ പാതയോരത്തെ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു
1543334
Thursday, April 17, 2025 5:40 AM IST
കുളത്തൂപ്പുഴ :നിർമാണത്തിലെ പിഴവുമൂലം മലയോര ഹൈവേയിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി. കുളത്തൂപ്പുഴ മടത്തറ പാതയിൽ നിയന്ത്രണം വിട്ടകാർ ഇന്നലെ പാതയോരത്തെ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു.
രാത്രി മൈലമൂട് ജംഗ്ഷനു സമീപമായിരുന്നു അപകടം. തെന്മല സ്വദേശികളായ കുടുംബം മടത്തറ ബന്ധുവീട്ടിലേക്ക് പോകവേ മൈലമൂട് വളവിൽ വച്ച് നിയന്ത്രണംവിട്ട കാർ എതിർവശത്തെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സമീപത്തെ കുന്നിൻ മുകളിൽ നിന്നും പാതയിലൂടെ ചരലും മണ്ണും ചെളിയും ഒലിച്ചെത്തി ഹൈവേയുടെ ഒരു വശത്ത് തിട്ട പോലെ രൂപപ്പെട്ടതാണ് കാരണം.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ വീട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട കാറിൽ സഞ്ചരിച്ചിരുന്ന പിഞ്ചുകുഞ്ഞ് അടക്കമുള്ളവരെ പുറത്തെത്തിച്ചു. ഇവർക്ക് കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി.