നാലംഗ സംഘം ബസ് കണ്ടക്ടറെ മർദിച്ചു
1543335
Thursday, April 17, 2025 5:40 AM IST
അഞ്ചൽ: സ്വകാര്യബസ് കണ്ടക്ടറെ ഇരുചക്ര വാഹനങ്ങളിലെത്തിയ നാലംഗ സംഘം മർദിച്ചു. മടത്തറ വേങ്കൊല്ല റാഷിദ് മൻസിലിൽ റാഷിദ് (20) നാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഏഴേകാലോടെ ഏരൂര്‍ വിളക്കുപാറയിലാണ് സംഭവം. വിളക്കുപാറ - അഞ്ചൽ -കടയ്ക്കൽ - ചടയമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന അജ്മി ബസിലെ കണ്ടക്ടറാണ് റാഷിദ്. വിളക്കുപാറയില്‍ പുലര്‍ച്ചെയെത്തിയ സംഘം ബസ് വരുന്നതും കാത്ത് കടത്തിണയില്‍ കാത്തിരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.
ബൈക്കിലും സ്കൂട്ടിയിലുമായെത്തിയ നാലംഗ സംഘം ബസിൽ നിന്നും റാഷിദിനെ വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുവാനായി പോയ ബസ് ഡ്രൈവർ ബഹളം കേട്ട് ഓടി വന്നപ്പോഴേക്കും അക്രമികൾ ബൈക്കിലും സ്കൂട്ടിയിലും കയറി രക്ഷപെടുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ റാഷിദിനെ ഡ്രൈവറും നാട്ടുകാരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിൽ നിന്നും വലിച്ചിറക്കിയ തന്നെ റോഡിൽ കിടന്ന റബർ കമ്പ് ഉപയോഗിച്ച് നാലുപേരും ചേർന്ന് മർദിച്ചെന്നും താനുമായി പരിചയത്തിലുള്ള ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞാണ് മർദിച്ചതെന്നും റാഷിദ് പറയുന്നു. അക്രമികളുമായി മുൻ പരിചയം ഇല്ലെന്നും റാഷിദ് വ്യക്തമാക്കി. റാഷിദിന്റെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയ പോലീസ് അന്വേഷണം നടത്തി വരികയാണ്.