കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്നത് രാഷ്ട്രീയ പകതീർക്കൽ: അഡ്വ.പി.ജർമിയാസ്
1543628
Friday, April 18, 2025 6:04 AM IST
കൊല്ലം : സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പക തീർക്കുകയാണെന്നു കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ്.
ശക്തികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത് രാഷ്ട്രീയ പക തീർക്കലാണ്.
ബീഹാറിലും ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ബിജെപി കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇ ഡിയെ ഉപയോഗിച്ച് പാർട്ടിയെയും ഇന്ത്യ മുന്നണിയെയും നിശബ്ദമാക്കാനുള്ള ശ്രമ ഭാഗമാണിതെന്നും ജർമിയാസ് ചൂണ്ടിക്കാട്ടി.
ശക്തികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചു യേശുദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ചക്കനാൽ സനൽ കുമാർ, ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്മേച്ചേഴത്ത് ഗിരീഷ്, യുഡിഎഫ് ശക്തികുളങ്ങര മണ്ഡലം ചെയർമാൻ രാമാനുജൻ പിള്ള, നിസാർ കലദിക്കാട്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വാരിയത്ത് മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.