പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം; വിഷുക്കൈനീട്ടമായി കോര്‍പറേഷന്റെ പുതിയ പദ്ധതി
1542958
Wednesday, April 16, 2025 6:13 AM IST
കൊല്ലം: പത്ത് രൂപ നല്കിയാല് വയറ് നിറയെ പ്രഭാത ഭക്ഷണം കഴിക്കാം. കേള്‍ക്കുമ്പോള്‍തന്നെ ആശ്വാസം പകരുന്ന പദ്ധതിയാണ് വിഷുക്കൈനീട്ടമായി കൊല്ലം കോര്പറേഷന് നടപ്പിലാക്കിയത്.
നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘ഗുഡ്മോണിംഗ് കൊല്ലം' എന്ന മാതൃകാ പദ്ധതി നടപ്പാക്കിയത്.
ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം ഒരുക്കുന്ന പ്രത്യേക കൗണ്ടറില്‍ എത്തിയാല്‍ ഓരോ പ്രഭാതത്തിലും ഇഡ്ഡലിയും ദോശയും അപ്പവും ഇടിയപ്പവുമെല്ലാം കറിയും കൂട്ടി 10 രൂപക്ക് കഴിച്ചു മടങ്ങാം.
ഓരോ ദിവസം ഓരോ വിഭവങ്ങളാണ് ഉണ്ടാവുക. ആദ്യഘട്ടത്തില്‍ 300 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ വിപുലീകരിക്കും. പദ്ധതി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മേയര്‍ ഹണി അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ എസ്. ജയൻ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ ഏഴുമുതൽ ഒമ്പത് വരെയാണ് ഭക്ഷണ വിതരണം. 2015 മുതല്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വിശപ്പകറ്റാന്‍ നടപ്പാക്കിവരുന്ന"അമ്മമനസ്’ പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടര്‍ച്ചയാണിതെന്ന് മേയര്‍ പറഞ്ഞു.