കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം; ദേവസ്വം ബോർഡ് അന്വേഷിക്കും
1543320
Thursday, April 17, 2025 5:32 AM IST
കൊല്ലം: കൊല്ലം പൂരത്തിൽ പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിനന്റെ ചിത്രം ഉയർത്തിയത് വൻ വിവാദത്തിന് കാരണമായി. നവോഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിനന്റെ ചിത്രം ഉയർത്തിയത്.
സ്വാമിവിവേകാനന്ദൻ, ബി.ആർ.അംബേദ്കർ, ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉൾപ്പെടുത്തിയത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭാരവാഹികളാണ് പൂരം നടത്തുന്നത്. വിഷയത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും രംഗത്തെത്തി. ക്ഷേത്ര ആചാരങ്ങളിലും വിശ്വാസങ്ങളിലും രാഷ്ട്രീയം കലർത്തുന്ന നടപടിയാണ് ഉണ്ടായതെന്നാണ് പരാതി.
സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് നിർദേശം നൽകി. വിജിലൻസ് എസ്പിക്കാണ് അന്വേഷണ ചുമതല. ദേവസ്വം ബോർഡിന്റെ കൊല്ലം അസിസ്റ്റന്റ് കമ്മീഷണറോട് സംഭവത്തിൽ അടിയന്തര റിപ്പോർട്ടും തേടി. വിഷയത്തിൽ ചട്ടലംഘനം ബോധ്യപ്പെട്ടാൽ നടപടി ഉണ്ടാകും.
ക്ഷേത്രം വിശ്വാസികൾക്ക് പ്രാർഥിക്കാൻ ഉള്ളതാണ്. രാഷ്ട്രീയ പാർട്ടികൾക്കോ മത സമുദായിക സംഘടനകൾക്കോ പരിപാടി നടത്താൻ കഴിയില്ല. ഉപദേശക സമിതിക്ക് കൊടി അടയാളങ്ങളില്ല. ധിക്കരിച്ചു മുന്നോട്ടു പോകുന്ന ഉപദേശക സമിതികൾ പിരിച്ചു വിടും - പി.എസ്. പ്രശാന്ത് വ്യക്തമാക്കി.