ഓണ്‍ലൈന്‍ തട്ടിപ്പ് : അഞ്ച് ലക്ഷം അപഹരിച്ച വിദേശ പൗരന് അറസ്റ്റിൽ
1543316
Thursday, April 17, 2025 5:32 AM IST
കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൊല്ലം ഉമയനല്ലൂര്‍ സ്വദേശിനിയില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദേശ പൗരന് പോലീസിന്റെ പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ മാത്യൂ എമേക്കാ(30) ആണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.
പോയ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. യുകെയില്‍ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിനിയുമായി ഇയാള്‍ ഓണ്‍ലൈനിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ യുവതിയുടെ പേരില്‍ അയച്ചിട്ടുണ്ടെന്നും അത് ഡല്‍ഹിയില്‍ കൊറിയറിൽ എത്തിയിട്ടുണ്ടെന്നും പറഞ്ഞു കൈപ്പറ്റുന്നതിന് 45000 രൂപ ആവശ്യപ്പെടുകയായിരുന്നു.
പ്രതി നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് പണം കൈമാറിയ യുവതിയെ പലപ്പോഴായി നുണകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പലപ്പോഴായി 4,90,000 രൂപ തട്ടിയെടുക്കുകയായിരുന്നു. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായി തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ കുറ്റത്തിന് ഐ ടി ആക്ട് പ്രകാരം ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പിന്തുടര്ന്ന് ഡല്‍ഹിയിലെത്തിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതിയെ സമാനമായ കുറ്റത്തിന് ഡല്‍ഹി പോലീസും തുടര്‍ന്ന് വയനാട് അമ്പലവയല്‍ പോലീസും അറസ്റ്റ് ചെയ്തിട്ടുള്ളതായും തുടര്‍ന്ന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച പ്രതിയെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കണ്ടെത്തി.
കൊട്ടിയം എസ് എച്ച് ഒയുടെ ചാര്‍ജ് വഹിക്കുന്ന ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ അനൂപിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ മാരായ നിതിന്‍ നളന്, പ്രമോദ്, മിനുരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.