മാര്‍ച്ചും ധര്‍ണയും നടത്തി
1543342
Thursday, April 17, 2025 5:49 AM IST
അഞ്ചല്‍ : ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്ന് ബിജെപി ആരോപിച്ചു. പഞ്ചായത്തിലെ ഇടതുമുന്നണി ഭരണം അഴിമതി നിറഞ്ഞതാണെന്നും അവതരിപ്പിച്ച ബജ്റ്റിന് പേപ്പറിന്റെ വിലപോലും ഇല്ലന്നും മാട്ടിറച്ചി സ്റ്റാളുകളുടെ ലേലത്തില്‍ ഉള്‍പ്പടെ നടന്നിരിക്കുന്നത് വലിയ ക്രമക്കേടാണെന്നും ബിജെപി ആരോപിച്ചു.
ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഏരൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സ്കൂള്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധർണ ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് അഖിലിന്റെ ആധ്യക്ഷതയില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ സുമൻ ശ്രീനിവാസൻ, അലഞ്ചേരി ജയചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി ബാലചന്ദ്രൻ പിള്ള, മണ്ഡലം വൈസ് പ്രസിഡന്റ് അനിൽകുമാർ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രലേഖ, നേതാക്കളായ വിഷ്ണു, കൃഷ്ണൻ കുട്ടി, സുരേഷ് ബാബു, സുജാത എന്നിവർ പ്രസംഗിച്ചു.