പന്മന ആശ്രമ തീർഥാടനം 26 മുതൽ
1543331
Thursday, April 17, 2025 5:40 AM IST
കൊല്ലം: ചട്ടമ്പി സ്വാമികളുടെ സമാധി വാർഷികാചരണവും പന്മന ആശ്രമ തീർഥാടനവും 26 മുതൽ 29 വരെ പന്മന ആശ്രമത്തിൽ നടക്കും. തീർഥാടനത്തിന് തുടക്കം കുറിച്ച് മഠാധിപതി കൃഷ്ണമയാനന്ദ തീർഥപാദരും ആശ്രമ ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദയും ചേർന്ന് 26 ന് രാവിലെ എട്ടിന് ദീപം തെളിക്കും. കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച് കുമ്പളം സ്മൃതി മണ്ഡപത്തിൽ പന്മന ആശ്രമം ട്രസ്റ്റ് പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള ഭദ്രദീപം പ്രകാശിപ്പിക്കും.
10.30 ന് ചേരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം മുൻ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. എൻ. കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. 27 ന് രാവിലെ പത്തിന് ശാസ്ത്ര സമ്മേളനം ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.
കേരള അക്കാഡമി ഓഫ് സയൻസ് പ്രസിഡന്റ് ഡോ.ജി.എം. നായർ അധ്യക്ഷത വഹിക്കും. കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് വിഭാഗം മുൻ വൈസ് ചാൻസിലർ ഡോ. എം.കെ. സി. നായർ മുഖ്യ പ്രഭാഷണം നടത്തും. 11 മുതൽ ശാസ്ത്ര സെമിനാർ.
28 ന് രാവിലെ 10.30 ന് യുവജന സമ്മേളനം മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അധ്യക്ഷത വഹിക്കും. പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ, സ്വാമി പ്രണവാനന്ദ തീർഥപാദർ അനുസ്മരണ പ്രഭാഷണം നടത്തും. വർധിച്ച് വരുന്ന അധാർമികത എന്ന വിഷയത്തിൽ ഡോ. എൻ. ഗോപാലകൃഷ്ണൻ നായരും യുവജനങ്ങളും രാഷ്ട്ര നിർമിതിയും എന്ന വിഷയത്തിൽ പ്രഫ. ബി. കാർത്തികേയൻ നായരും പ്രഭാഷണം നടത്തും.
29 ന് രാവിലെ 10.30 ന് സമാധി സമ്മേളനം മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്യും. പ്രജ്ഞാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും. സ്വാമി കൃഷ്ണമയാനന്ദ തീർഥപാദർ വിദ്യാധിരാജ സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് 2.30 ന് സമാധി ദിവ്യജ്യോതി പ്രയാണം, രാത്രി ഏഴിന് മേജർ സെറ്റ് കഥകളി.