അഷ്ടമുടിക്ക് 59 കോടിയുടെ പദ്ധതി: മന്ത്രി കെ.എന്‍. ബാലഗോപാല്‍
1543319
Thursday, April 17, 2025 5:32 AM IST
കൊല്ലം: കൊല്ലത്ത് അഷ്ടമുടി കായൽ കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സി.കേശവന് സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു ലക്ഷത്തോളം പഠിതാക്കളെ ലക്ഷ്യമിട്ട് വികസിപ്പിക്കുകയാണ് ശ്രീനാരായണ ഓപണ്‍ യൂണിവെഴ്സിറ്റി. പടിഞ്ഞാറേ കല്ലടയില്‍ സോളാര്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു. കോടതി സമുച്ചയം, വല നിര്‍മാണ ഫാക്ടറി, ഓഷ്യനേറിയം, ഐ ടി പാര്‍ക്ക്, തുറമുഖ വികസനം തുടങ്ങി കേരളത്തിന്റെ മുന്നേറ്റത്തില്‍ കുതിച്ചുചാട്ടത്തിന് സഹായകമാകുന്ന പദ്ധതികളാണ് ജില്ലയില്‍ സാക്ഷാത്കരിക്കുന്നത്.
കേരളത്തിനന്റെ ഭാവിസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായകമാകുംവിധമാണ് എന്റെ കേരളം പ്രദര്‍ശനവിപണന മേള ഒരുക്കുക എന്നും മന്ത്രി പറഞ്ഞു. നിയോജക മണ്ഡലം അടിസ്ഥാനത്തിലും, ഗ്രാമ- ബ്ലോക്ക് - വാര്‍ഡ് തലത്തിലും പ്രചാരണം ശക്തിപ്പെടുത്തണം. ഏപ്രില്‍ 30 നകം നിയോജകമണ്ഡല തലത്തിലും മേയ് അഞ്ചിനകം പഞ്ചായത്ത് തലത്തിലും 10നകം വാര്‍ഡ് തലത്തിലും യോഗങ്ങള്‍ നടത്താനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ താഴെത്തട്ട് വരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മേളയിലൂടെ സാക്ഷ്യപ്പെടുത്തുകയെന്ന് അധ്യക്ഷയായ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എംഎല്‍എമാരായ എം. നൗഷാദ്, ജി.എസ്. ജയലാല്‍, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.