കൊട്ടാരക്കര ഡിഇഒ ഓഫീസിൽ ബോംബ് ഭീഷണി
1543338
Thursday, April 17, 2025 5:49 AM IST
കൊട്ടാരക്കര: ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ ബോംബ് ഭീഷണി. തുടർന്ന് പ്രവർത്തനം നിർത്തിവച്ച് പരിശോധന നടന്നു. പുലർച്ചെ നാലുമണിയോടെ ഇ-മെയിലായാണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. എഐഎഡിഎംകെ നേതാവ് പളനി സ്വാമിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ബോംബ് വച്ചിരിക്കുന്നതെന്നും ഭീഷണി സന്ദേശത്തിലുണ്ട്. രാവിലെ ജീവനക്കാരെത്തി മെയിൽ പരിശോധിക്കുമ്പോഴാണ് സന്ദേശം കാണുന്നത്.
ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജീവനക്കാരെയും പൊതുജനങ്ങളെയും ഓഫീസ് വളപ്പിൽ നിന്നും പുറത്താക്കി പരിശോധന നടത്തി. സമീപത്തെ മറ്റു കെട്ടിടങ്ങളിലും പരിശോധന നടന്നു.