വനപാത മാലിന്യങ്ങളാല്‍ സമൃദ്ധം; കണ്ണടച്ച് വനപാലകര്‍
1543340
Thursday, April 17, 2025 5:49 AM IST
അഞ്ചല്‍: അലയമണ്‍-കുളത്തൂപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വനപാതയിലൂടെ മൂക്ക് പൊത്താതെ യാത്രചെയ്യാനാവില്ല. മടത്തറ പാലോട് നെടുമങ്ങാട് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുളത്തൂപ്പുഴ വഴി ചുറ്റാതെ വേഗത്തില്‍ അഞ്ചല്‍, പുനലൂര്‍ ഭാഗങ്ങളില്‍ എത്താന്‍ കഴിയുന്ന പാത നിലവിൽ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. കുടുക്കത്തുപാറ ഇക്കോടൂറിസത്തിലേക്ക് എത്താന്‍ കഴിയുന്ന മലയോര പാതയിലൂടെ നിത്യവും സ്വകാര്യ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ആണ് കടന്നുപോകുന്നത്.
മാലിന്യം ഭക്ഷിക്കാന്‍ എത്തുന്ന കാട്ടുപന്നികള്‍, തെരുവ് നായക്കള് എന്നിവയുടെ ശല്ല്യം വാഹനങ്ങൾക്കും പ്രത്യേകിച്ച് ഇരു ചക്ര വാഹന യാത്രക്കും ദുസഹമായിട്ടുണ്ട്. വനം വകുപ്പിന്റെ അഞ്ചല്‍ റേഞ്ച്, കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പ്പറേഷന് തുടങ്ങിവയയുടെ അധികാരപരിധിയിലുള്ള പാതയോരത്ത് കക്കൂസ് മാലിന്യം, അറവു മാലിന്യം,
കോഴിവേസ്റ്റ്, കെട്ടിട വേസ്റ്റ്, കുട്ടികളുടെ ഉപയോഗിച്ച പാമ്പേഴ്സ്, പച്ചക്കറി വേസ്റ്റ്, ബാർബർ ഷോപ്പിൽ നിന്നുള്ള തലമുടി, പഴകിയ തുരുമ്പ് പിടിച്ച ബ്ലൈഡ് ഉൾപ്പെടെ വലിയ അളവിലുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളപ്പെടുന്നത്. ഡിസ്പോസിബിള്‍ പ്ലേറ്റ്, ഗ്ലാസുകള്‍ ഉള്‍പ്പടെ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യവും പാതയോരത്ത് ടണ്‍ കണക്കിന് തള്ളിയിരിക്കുന്നു. മാലിന്യങ്ങള്‍ കാക്കകള്‍ കൊത്തിവലിച്ചു വീടുകളിലെ കിണറുകളില്‍ ഇടുന്നത് നിത്യസംഭവമായിട്ടുണ്ട്.
നവകേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുകൾ മാലിന്യ നിക്ഷേപങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതോടെയാണ് ആളൊഴിഞ്ഞ വനപാതകള്‍ മാലിന്യം തള്ളുന്നതിനായി സാമൂഹിക വിരുദ്ധര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വനപാതയിലെ മാലിന്യം നിക്ഷേപിക്കുന്നത് പലതവണ വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലന്നു നാട്ടുകാര്‍ ആരോപിക്കുന്നു. വനപാത ആയതിനാല്‍ ഗ്രാമപഞ്ചായത്തിനും മാലിന്യ നിക്ഷേപം തടയാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
വനം പോലീസ് വകുപ്പുകള്‍ രാത്രികാല പെട്രോളിംഗ് നടത്തണമെന്ന ആവസശ്യമാണുയരുന്നത്. പരാതികള്‍ ഉയര്‍ന്നപ്പോള്‍ നിരീക്ഷണ കാമറകളും ചെക്ക്പോസ്റ്റും സ്ഥാപിക്കുമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ ഒന്നും പിന്നീട് ഉണ്ടായിട്ടില്ല.