48കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
1542955
Wednesday, April 16, 2025 6:12 AM IST
കൊല്ലം: മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പള്ളിത്തോട്ടം വെളിച്ചം നഗർ-29ൽ സ്റ്റാലിനെ (37) യാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സ്നേഹതീരം നഗർ സ്വദേശി നിഷാദി(48) നെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്.
13ന് ഉച്ചകഴിഞ്ഞ് രണ്ടോടെ മദ്യപിച്ചെത്തിയ സ്റ്റാലിൻ പള്ളിത്തോട്ടത്തെ ഐസ് പ്ലാന്റിന് സമീപം നിൽക്കുകയായിരുന്ന നിഷാദുമായി വഴക്കുണ്ടാക്കുകയായിരുന്നു.
പിൻതിരിപ്പിക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി സ്ഥലത്ത് നിന്നും പോയ ശേഷം വാളുമായി മടങ്ങി വന്ന് നിഷാദിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ നിഷാദിന്റെ തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റു. ഇയാൾക്കെതിരെ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.