അയൽക്കൂട്ടം അംഗങ്ങൾക്ക് വായ്പ
1542946
Wednesday, April 16, 2025 6:12 AM IST
കൊല്ലം: കുടുംബശ്രീ സിഡിഎസ് മുഖേന അയൽക്കൂട്ടം അംഗങ്ങൾക്കായുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വായ്പ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കുന്നത്തൂർ നിയോജക മണ്ഡലത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിലെ സിഡിഎസ്മാർക്ക് രണ്ട് കോടി 46 ലക്ഷത്തിന്റെ ചെക്ക് ചടങ്ങിൽ കൈമാറി. കേരള സംസ്ഥാന പട്ടിക ജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ കൊല്ലം ഉപജില്ലാ ഓഫീസ് കുന്നത്തൂർ പഞ്ചായത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്ഡിസി മാനേജിംഗ് ഡയറക്ടർ വി. പി. സുബ്രഹ്മണ്യൻ, കെഎസ്ഡി സി ജില്ലാ മാനേജർ എസ്. നന്ദകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.അൻസാർ ഷാഫി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. അയൽക്കൂട്ടങ്ങളിലെ ഓരോ എസ്സി-എസ്ടി അംഗങ്ങൾക്കും ഒരു ലക്ഷം രൂപ വീതമാണ് നൽകുന്നത്.