വർണപ്പകിട്ടിൽ കൊല്ലം പൂരം; ദേശിംഗ നാടിന്റെ ഉത്സവമായി
1542945
Wednesday, April 16, 2025 6:00 AM IST
കൊല്ലം: വർണപ്പകിട്ട് വാരി വിതറിയ കുടമാറ്റവും താളമേളങ്ങളുടെ പെരുക്കവും കൊട്ടിക്കയറിയ കൊല്ലം പൂരം അക്ഷരാർഥത്തിൽ ദേശിംഗ നാടിന്റെ ഉത്സവമായി. ആശ്രാമം മൈതാനിയിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് പൂരപ്രേമികൾക്ക് കാഴ്ചയുടെ വിസ്മയമാണ് കൊല്ലം പൂരം സമ്മാനിച്ചത്.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് വിഷുപിറ്റേന്ന് കുടമാറ്റവും പൂരവും അരങ്ങേറിയത്. താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം അണിനിരന്നതോടെയാണ് പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റത്തിന് തുടക്കമായത്.
ഇരുവശങ്ങളിലുമായി അണിനിരന്ന ഗജവീരന്മാരുടെ മുകളിൽ വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള മുത്തുക്കുടകളാണ് നിമിഷങ്ങളുടെ ഇടവേളകളിൽ മിന്നിമറഞ്ഞത്. ആനപ്പുറത്ത് ഇരിക്കുന്നവർ ആലവട്ടവും വെഞ്ചാമരവും വീശി കുടമാറ്റത്തിന്റെ വർണ വസന്തത്തിന് കൊഴുപ്പേകി. ഒപ്പം ഇലഞ്ഞിത്തറ മേളവും ചെണ്ടമേളവും മുറുകിയപ്പോൾ മൈതാനത്തെ പുരുഷാരം ആരവം മുഴക്കി ആവേശത്താൽ ഇളകി മറിഞ്ഞു. മേള പ്രേമികൾക്ക് താളം പിടിക്കാൻ കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുടെയും തൃക്കടവൂർ അഖിലിന്റെയും നേതൃത്വത്തിലുള്ള ഇരുന്നൂറോളം മേളക്കാരാണ് പൂരപ്പറമ്പിനെ ഇളക്കിമറിച്ചത്.
ഇന്നലത്തെ പകലിൽ ആദ്യം കൊല്ലം നഗരം സാക്ഷ്യം വഹിച്ചത് ചെറുപൂരങ്ങളുടെ വരവിനാണ്. നഗരത്തിലെ 13 ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരം എഴുന്നെള്ളിപ്പ് ഉച്ചയോടെ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി. തുടർന്ന് ആചാരപരമായ ആന നീരാട്ടും ആനയൂട്ടും നടന്നു. വൈകുന്നേരം ആറാട്ടിന് പുറപ്പെടും മുമ്പ് ക്ഷേത്രാങ്കണത്തിൽ തിരുമുമ്പിൽ മേളവും കുടമാറ്റവും അരങ്ങേറി. തുടർന്നാണ് ആശ്രാമം മൈതാനിയിൽ കുടമാറ്റ പ്പൂരത്തിന് തുടക്കമായത്. പൂരത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും നടന്നു.