അച്ഛനെത്തിയില്ല, കുഞ്ഞിനെ ചൊറൂട്ടി ഗാന്ധിഭവൻ
1542942
Wednesday, April 16, 2025 6:00 AM IST
പത്തനാപുരം: ഡല്‍ഹി ആനന്ദ് വിഹാര്‍ സ്വദേശിനി റൂഹി ശര്‍മ്മയുടെ കുഞ്ഞിനാണ് വിഷുദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനില്‍ ചോറൂണ് നടന്നത്. ഗാന്ധിഭവന് ട്രസ്റ്റി പ്രസന്നാരാജന്‍, നീതിഭവന്‍ എക്സിക്യൂട്ടീവ് മാനേജര്‍ മായ അമല്‍, കൗണ്‍സിലര്‍ ആര്യ, സ്റ്റാഫ് സെക്രട്ടറി ശ്രീദേവി ടി.ആര് എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവന് സ്നേഹമന്ദിര്‍ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.് ആറുമാസം മുമ്പാണ് കൊല്ലം വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ശുപാര്‍ശപ്രകാരം എട്ടുവയസുകാരനായ മകന് പൃഥ്വിരാജിനൊപ്പം ഗര്‍ഭിണിയായ റൂഹി ശര്‍മ്മയെ പോലീസ് ഗാന്ധിഭവനിലെത്തിച്ചത്.
ഭര്‍ത്താവിന്റെ വരവും പ്രതീക്ഷിച്ച് ഗാന്ധിഭവനില്‍ കാത്തിരുന്ന റൂഹിയുടെ കഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിന്നാലെ ഭര്‍ത്താവിനെ തേടി അന്വേഷണമുണ്ടായെങ്കിലും ഫലമുണ്ടായില്ല.
ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ബിലാലിനെ റൂഹി പരിചയപ്പെട്ടതും വിവാഹം ചെയ്തതും. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് താമസം മാറിയ റൂഹി ആറുവര്‍ഷത്തോളം ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തു.
കേരളത്തില്‍ ജോലിചെയ്തിരുന്ന ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം ട്രെയിന്‍ കയറി കൊല്ലത്തെത്തിയ റൂഹിയെയും മകനെയും കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് എത്തിയില്ല. യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണും ചികിത്സാഫയലുകളും കൂടി നഷ്ടപ്പെട്ടതിനാല്‍ എന്തുചെയ്യണമെന്നറിയാതെ റെയില്‍വേസ്റ്റേഷനില്‍ തളര്‍ന്നിരുന്ന ഗര്‍ഭിണിയായ റൂഹിയെയും മകനെയും പോലീസ് ഗാന്ധിഭവനിലേക്ക് കൊണ്ടുവരിക യായിരുന്നു. നവംബര്‍ മാസം അഞ്ചിനായിരുന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ റൂഹി കുഞ്ഞിന് ജന്മം നല്‍കിയത്. ഗാന്ധിഭവനില്‍ നടന്ന നൂലുകെട്ട് ചടങ്ങില്‍ ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് കുഞ്ഞിന് റോഹന്‍ എന്ന് പേരു നല്‍കിയിരുന്നു.