ദേശീയപാത ഹൈസ്കൂള്‍ കടവൂര്‍ വരെ ദീർഘിപ്പിക്കണം: എന്‍.കെ. പ്രേമചന്ദ്രന്
1532572
Thursday, March 13, 2025 6:32 AM IST
കൊല്ലം: ദേശീയപാത 183 വികസനം കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷന് മുതല്‍ കടവൂര്‍ വരെ ഉള്‍പ്പെടുത്തണമെന്നും, ദേശീയപാത 183 എ ഭരണിക്കാവ് മുതല്‍ ദേശീയപാത 66 ലെ കെഎംഎംഎല്‍ ടൈറ്റാനിയം ജംഗ്ഷന് വരെ ദീര്‍ഘിപ്പിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ദേശീയപാത 183 കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷന് മുതല്‍ ഡിണ്ടുഗല്‍ വരെയാണ്. ദേശീയപാത 183 ന്റെ അലൈന്മെന്റ് നിശ്ചയിച്ചപ്പോള്‍ ദേശീയപാതകള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചാല്‍ മതിയെന്ന സര്‍ക്കാരിന്റെ പുതിയ നയം അനുസരിച്ച് കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷന് മുതല്‍ കടവൂര്‍ വരെയുളള ഭാഗം ഒഴിവാക്കപ്പെടുകയായിരുന്നു.
ദേശീയപാത 66 ലെ കടവൂര്‍ മുതലാണ് ദേശീയപാത 183 ന്റെ അലൈന്മെന്റ് അംഗീകരിക്കുന്നത്. കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷന് മുതല്‍ കടവൂര്‍ വരെയുളള ഭാഗം വാഹന ഗതാഗത തിരക്ക് കൂടിയ റോഡാണ്.
കൊല്ലം പട്ടണത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷന് - കടവൂര്‍ റോഡ് വികസിപ്പിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഗതാഗത കുരുക്ക് ഗുരുതരമാണെന്ന് പ്രേമചന്ദ്രന് എംപി ചൂണ്ടിക്കാട്ടി.
ദേശീയപാത 183 എ ഭരണിക്കാവില്‍ നിന്ന് ദേശീയപാത 66 ലെ കെഎംഎംഎല്‍ ടൈറ്റാനിയം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ദീര്‍ഘിപ്പിക്കുന്നതിനുളള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഐആര്‍ഇഎല്‍, കെഎംഎംഎല്‍, നീണ്ടകര തുറമുഖം എന്നിവ ദേശീയപാത 66 ലെ ടൈറ്റാനിയം ജംഗ്ഷന് വളരെ അടുത്താണ്.
ഭരണിക്കാവില്‍ നിന്ന് ടൈറ്റാനിയം ജംഗ്ഷനിലേക്കുള്ള ദേശീയപാത 183 എ തമിഴ്നാട്ടിലെക്കുളള വാഹന ഗതാഗതത്തിന് എളുപ്പമുളളതും പ്രയോജനപ്രദവുമാണ് അദ്ദേഹം പറഞ്ഞു.