വിമാന മാർഗം കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
1532569
Thursday, March 13, 2025 6:32 AM IST
കൊല്ലം: ഡൽഹിയിൽ നിന്ന് എത്തിച്ച നാല് ലക്ഷത്തോളം രൂപ വിലയുള്ള 93 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഉമയനല്ലൂർ വടക്കുംക്കര റിജി നിവാസിൽ എ.ഷിജു (34)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12. 30 ഓടെ മാടൻനടയിൽ നിന്നാണ് ഇയാൾ പിടിയിലാവുന്നത്.
ഡൽഹിയിൽ നിന്നു വിമാന മാർഗമാണ് ഇയാൾ എംഡിഎംഎ യുമായി തിരുവനന്തപുരത്ത് എത്തിയത്. അവിടെ നിന്ന് ബസിൽ കൊല്ലത്ത് എത്തി. മാടൻനടക്ക് സമീപത്തു കൂടി നടന്നു വരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. ഇത് തൂക്കി വിൽക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്ന് കണ്ടെടുത്തു.ആന്ധ്രയിൽ 63 കിലോ കഞ്ചാവുമായി ഇയാൾ നേരത്തേ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഏറെനാളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് നിരന്തരം യാത്രകൾ നടത്തുന്നതും പൊലീസിന് സംശയത്തിനിടയാക്കിയിരുന്നു. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, എസിപി എസ്. ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് സംഘവും ഇരവിപുരം പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.