ആറ്റുകാൽ പൊങ്കാല: കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ തിരക്ക്
1532557
Thursday, March 13, 2025 6:25 AM IST
കൊല്ലം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല പ്രമാണിച്ച് കൊല്ലത്തും സ്ത്രീകളുടെ വൻ തിരക്ക്. കൊല്ലം റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി സ്റ്റാൻഡിലുമാണ് പൊങ്കാല ഇടാൻ പോകുന്നവരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ തിരക്ക് ഉണ്ടായത് റെയിൽവേ സ്റ്റേഷനിലാണ്. ഇന്നലെ രാവിലെ മുതൽ നൂറുകണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്ക് പോകാൻ സ്റ്റേഷനിൽ എത്തി. എല്ലാ ട്രെയിനുകളിലും യാത്രക്കാർ പൂർണമായും കയറി എന്ന് ഉറപ്പാക്കിയാണ് ട്രെയിനുകൾ കൊല്ലത്ത് നിന്ന് പുറപ്പെട്ടത്.
രാത്രി വൈകി വരെ ഈ തിരക്ക് തുടർന്നു. പ്ലാറ്റ്ഫോമിൽ എത്തിയ സ്ത്രീകൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകാൻ കൂടുതൽ റെയിൽവേ പോലീസിനെയും ആർപിഎഫ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇത് കൂടാതെ ഇൻഫർമേഷൻ സെന്ററിൽ നിന്ന് ഇടവിട്ട് മൈക്ക് അനൗൺസ്മെന്റ് ഉണ്ടായി.
ജില്ലയിലെ മറ്റ് പ്രധാന റെയിൽവേ സ്റ്റേഷനുകളിലും തിരക്കിന് കുറവ് ഉണ്ടായിരുന്നില്ല. ഇവിടങ്ങളിലെല്ലാം പ്രത്യേകം പോലീസിനെ നിയോഗിക്കുകയുമുണ്ടായി. പൊങ്കാല പ്രമാണിച്ച് എറണാകുളത്തിനും തിരുവനന്തപുരത്തിനും മധ്യേ ഏതാനും സ്പെഷൽ ട്രെയിനുകളും സർവീസ് നടത്തി. ഇതിന് പുറമെ നിരവധി ദീർഘദൂര ട്രെയിനുകൾക്ക് ചെറിയ സ്റ്റേഷനുകളിൽ അടക്കം താത്ക്കാലിക സ്റ്റോപ്പുകളും അനുവദിച്ചു.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി ഇന്ന് വൈകിട്ടും സമാനമായ ട്രെയിൻ സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് ഉണ്ടാകും. കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിലും പൊങ്കാലയ്ക്ക് പോകുന്നവരുടെ നല്ല തിരക്ക് ഇന്നലെ ഉണ്ടായിരുന്നു. എണ്ണത്തിന് അനുസരിച്ച് കൂടുതൽ ബസുകൾ തിരുവനന്തപുരത്തേയ്ക്ക് സ്പെഷൽ സർവീസ് നടത്തി. ഇന്ന് രാവിലെ ഏഴുവരെ ഇത്തരത്തിൽ പൊങ്കാല സ്പെഷൽ സർവീസുകൾ നടത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.