ചലച്ചിത്രഗാന രചനയിലേക്ക് വഴിതിരിച്ചത് വയലാർ: കെ. ജയകുമാർ
1532559
Thursday, March 13, 2025 6:25 AM IST
പാരിപ്പള്ളി: ചലച്ചിത്രഗാന രചനയിലേക്ക് വഴിമാറ്റി നടത്തിച്ചത് വയലാര്‍ രാമവര്‍മയുടെ സ്വാധീനമായിരുന്നെന്നും കവിയെന്ന് അറിയപ്പെടാനിഷ്ടമെന്നും മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍.
പാരിപ്പള്ളി കുളമട രാജ് റൊട്ടാനാസ് ഓഡിറ്റോറിയത്തിൽ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതിന് വയമ്പ് സാംസ്കാരിക വേദി സംഘടിപ്പിച്ച 'ചന്ദന കാവ്യ സുഗന്ധം' സാംസ്കാരിക സമ്മേളനത്തിൽ നല്കിയ ആദരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക ജീവിതകാലത്തും കവിതയോടയിരുന്നു പ്രിയം. 14 കവിതാ സമാഹാരങ്ങള്‍ രചിച്ചു. എന്നാൽ സിനിമാ ഗാന രചയിതാവായാണ് അറിയപ്പെടുന്നത്. പിതാവ് സിനിമാക്കാരനായിരുന്നതിനാല് വയലാറുമായി അടുപ്പമുണ്ടായിരുന്നു. വയലാര്‍ എഴുതുന്നതു പോലൊരു പാട്ടെഴുതിയ ശേഷം മരിച്ചാലും മതിയെന്ന് ചിന്തിച്ചിരുന്നു. അങ്ങനെയാണ് സിനിമാ ഗാന രചനയിലേക്ക് കടന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
വയമ്പിന്റെ സാംസ്കാരിക ആദരം കവി കുരീപ്പുഴ ശ്രീകുമാറും, വി. ജോയ് എംഎല്‍എയും ചേർന്ന് സമ്മാനിച്ചു. വയമ്പ് ചെയര്മാന് വി.പി. രാജീവന് അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സമ്മേളനം വി. ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്ലാക്കാട് ശ്രീകുമാർ, വര്‍ക്കല കഹാര്‍, പന്തളം കേരളവര്‍മ രാജ, അഡ്വ. ജി രാജു, ഫർദൗസ് കായൽപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. ജയകുമാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'ജയപ്രിയ ഗാനമേള' ഷീലാ മധു നയിച്ചു. കവിയ്ക്ക് ആദരവായി മജീഷ്യൻ ഷാജു കടയ്ക്കൽ മായാജാല പരിപാടി അവതരിപ്പിച്ചു.