ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിക്കുന്ന മുഖ്യകണ്ണി അറസ്റ്റിൽ
1532568
Thursday, March 13, 2025 6:32 AM IST
ചാത്തന്നൂർ: ബംഗളൂരുവിൽ നിന്ന് ചില്ലറ വില്പനക്കാർക്കായി കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിൽപ്പെട്ട പ്രധാന കണ്ണിയായ യുവാവിനെ പോലീസ് പിടികൂടി.
കോതമംഗലം പിണ്ടിവനം മുത്താംകുഴി പണിക്കൊടി ഹൗസിൽ അഭിജിത്ത് (28) ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് അഭിജിത്തിനെ പിടികൂടിയത്.
ഒന്നരലക്ഷം വിലയുള്ള 42 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മുന്നിയൂർ പടിക്കൽ പിലക്കണ്ടി ഹൗസിൽ ഷംനാദിനെ 2024-ൽ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് എംഡിഎംഎ നൽകിയത് അഭിജിത്താണെന്ന് പൊലീസ് കണ്ടെത്തിയത്. ഷംനാദ് പിടിയിലായതോടെ അഭിജിത്ത് ഒളിവിൽപ്പോയി.
അഭിജിത്ത് ബംഗളൂരുവിൽ താമസിച്ച് വാണിജ്യാടിസ്ഥാനത്തിൽ എംഡിഎംഎ വിതരണം നടത്തുന്നതായി പോലീസ് തുടർന്ന് കണ്ടെത്തുകയായിരുന്നു. ബാംഗളൂരുവിലും കോഴിക്കോട്ടും എറണാകുളത്തും ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൊല്ലം സിറ്റി സൈബർ സെല്ലും ഡാൻസാഫ് ടീമും ചേർന്ന് പ്രത്യേക സംഘമുണ്ടാക്കി നടത്തിയ അന്വേഷണത്തിലാണ് അഭിജിത്ത് വലയിലായത്.
കൊല്ലം ഈസ്റ്റ് പോലീസ് 44 ഗ്രാം എംഡിഎംഎയുമായി ആഷിഖ്, അൻവർ എന്നിവരെ 2024 ഡിസംബർ 19 ന് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലും പ്രതിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ റിമാൻഡ് ചെയ്തു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ ജില്ലകളിലുള്ള കേസുകളിൽ ഇയാളുടെ ബന്ധം അന്വേഷിക്കേണ്ടതുണ്ടെന്നും ഇരവിപുരം പോലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ആർ. രാജീവ്, സബ് ഇൻസ്പെക്ടർമാരായ ജയേഷ്, രാജ് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.