ആക്കുളം പാലത്തില്‍ മിനിബസ് തലകീഴായി മറിഞ്ഞു
1532564
Thursday, March 13, 2025 6:25 AM IST
തിരുവനന്തപുരം: ആക്കുളം പാലത്തില്‍ മിനി ബസ് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 4.20 ഓടുകൂടി കൊല്ലം ഭാഗത്തു നിന്നും ആറ്റുകാലിലേയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ വന്ന ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് പാലത്തിന്റെ മധ്യ ഭാഗത്തായി തലകീഴായി മറിഞ്ഞത്.
പാലത്തില്‍ മുന്നറിയിപ്പില്ലാതെ പണി നടന്നതാണ് അപകടം നടക്കാന്‍ കാരണമെന്ന് സമീപവാസികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വാഹനത്തിന് മുന്നിലായി പോയ ഓട്ടോ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ബസ് ഡ്രൈവർ സഡന്‍ ബ്രേക്കിട്ടതാകാം ബസ് തലകീഴായി മറിയാന്‍ ഇടയായതെന്നാണ് സൂചന. സംഭവം നടന്നയുടന്‍ തന്നെ സമീപവാസികള്‍ വിവരം ചാക്ക ഫയര്‍ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എസ്എഫ്ആര്‍ഒ റിയാസ് ഖാന്റെ നേതൃത്വത്തിലുളള സേനാംഗങ്ങള്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തില്‍ നിന്നും യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. സാരമായി പരിക്കേറ്റ എട്ടുപേരെ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്കേറ്റ മറ്റുളളവരെ 108 ആംബുലന്‍സിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ വാഹനത്തിനുളളില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നുളള വിവരം ലഭ്യമായിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പും പാലത്തില്‍ നിന്നും ഒരു ടാങ്കര്‍ ലോറി കായലില്‍ വീണിരുന്നതായി ഫയര്‍ ഫോഴ്സ അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ ഏറെ നേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു.