പുലമൺതോട്ടിൽ വീണ്ടും കാട് മൂടിയ നിലയിൽ
1532566
Thursday, March 13, 2025 6:25 AM IST
കൊട്ടാരക്കര: മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് നാല് മാസം കഴിഞ്ഞിട്ടും പുലമൺ തോടിന്റെ നവീകരണം നടന്നില്ല.
കുറ്റിക്കാടുകൾ നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് പുലമൺ തോടിന്റെ ശുചീകരണ - നവീകരണ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
നവകേരളം ജനകീയ പദ്ധതിയുടെ ഉദ്ഘാടന ഭാഗമായി ഒരാഴ്ച ഹരിതകർമ സേനയും സന്നദ്ധ സംഘടനകളും വിദ്യാർഥികളുമൊക്കെ സജീവമായി രംഗത്തിറങ്ങിയിരുന്നു. ജെസിബിയടക്കം ഉപയോഗിച്ച് തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. ഉദ്ഘാടനത്തിന് ശേഷം പദ്ധതി അധികൃതർ മറന്നു.
മുൻകൈയെടുക്കേണ്ട നഗരസഭ വിഷയത്തിൽ തീർത്തും ഇടപെടുന്നില്ല. പുലമൺ തോട് കടന്നുപോകുന്ന മൈലം, കുളക്കട പഞ്ചായത്തുകളും ആദ്യ ദിനങ്ങളിൽ തോട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായെങ്കിലും പതിയെ അവരും പിൻവാങ്ങി. ഇപ്പോൾ നേരത്തേതിനേക്കാൾ തോട് നാശാവസ്ഥയിലാണ്.
മീൻപിടിപ്പാറയിലാണ് പുലമൺ തോടിന്റെ തുടക്കം. പട്ടണത്തിന്റെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന തോട് ഒരുകാലത്ത് തെളിനീരുറവയായിരുന്നു. എന്നാലിപ്പോൾ തോട് നിലനിൽപ്പിനായി ചക്രശ്വാസം വലിക്കുകയാണ്. മഴക്കാലത്ത് മാത്രമാണ് തോട്ടിൽ ഒഴുക്കുള്ളത്. അല്ലാത്തപ്പോൾ വെള്ളം കെട്ടിക്കിടന്ന് മാലിന്യങ്ങളും കൂടി ചേർന്ന് പുഴുനുരയ്ക്കുന്ന അവസ്ഥയാണുള്ളത്. പായലും കുറ്റിക്കാടും മാലിന്യവും നിറഞ്ഞ് തോട് നശിക്കുകയാണ്.
കഴിഞ്ഞ സർക്കാർ തോടിന്റെ സംരക്ഷണത്തിനായി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 13.92 കോടിയുടെ പദ്ധതി തയാറാക്കി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തി. തോടിന്റെ സംരക്ഷണം, മീൻപിടിപ്പാറയുമായി ബന്ധപ്പെടുത്തി ടൂറിസം ഉൾപ്പടെ നിരവധി പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും ഒന്നും നടപ്പായില്ല.
പുലമൺ തോടിന് മുകളിലായി പാലത്തോട് ചേർന്ന് പാർക്ക് നിർമിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. രണ്ട് കോടി ഇതിനായി അനുവദിച്ചതാണ്. തോടിന് മുകളിൽ കോൺക്രീറ്റ് മേൽമൂടി നിർമിച്ച് ഇരിപ്പിടങ്ങളും കുട്ടികളുടെ കളിക്കോപ്പുകളും അലങ്കാര കൗതുകങ്ങളുമൊക്കെയൊരുക്കി പാർക്ക് നിർമിക്കാനാണ് പദ്ധതിയിട്ടത്. അതും പ്രഖ്യാപനത്തിൽ ഒതുങ്ങി.