നിയമവിരുദ്ധ ലോട്ടറി വില്പന; യുവാവ് അറസ്റ്റിൽ
1532560
Thursday, March 13, 2025 6:25 AM IST
വിതുര: വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോ അയച്ച് നിയമവിരുദ്ധമായി വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. വിതുര കലുങ്ക് ജംഗ്ഷൻ സ്വദേശി ഷാനു(27) ആണ് അറസ്റ്റിലായത്. ഓൺലൈനിലോ ഇലക്ട്രോണിക് മീഡിയ വഴിയോ ലോട്ടറി ടിക്കറ്റ് വിൽക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കേ വില്പന നടത്തിയതായാണ് കേസ്.
ലോട്ടറി അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ചേന്നൻപാറ ജംഗ്ഷനിലെ ഷാനുവിന്റെ ഭാഗ്യദേവത ലോട്ടറി ഏജൻസിയുടെ പേരിൽ ലോട്ടറി ടിക്കറ്റുകൾ ഏജന്റുമാരിൽ നിന്നും വാങ്ങി അതിന്റെ ഫോട്ടോകൾ വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചായിരുന്നു വിറ്റത്.
ഇൻസ്പെക്ടർ ജി. പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർ എസ്.എൻ.മുഹസിൻ മുഹമ്മദ്, ജിഎസ്ഐ കെ.കെ.പത്മരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.