കാഷ്മീരിലുള്ളത് ജില്ലയിൽ നിന്നുള്ള അമ്പതോളം പേർ
1544933
Thursday, April 24, 2025 2:02 AM IST
കാഞ്ഞങ്ങാട്: ഭീകരാക്രമണം നടന്ന സമയത്ത് കാഷ്മീരിലെത്തിയിരുന്നത് ജില്ലയിൽ നിന്നുള്ള അമ്പതോളം പേർ. ഇതിൽ ഏറെപ്പേരും കുറ്റിക്കോലിൽ നിന്നുള്ള ട്രാവൽ ഏജൻസി വഴി പോയവരാണ്. പരപ്പയിൽ നിന്നും കോടോം-ബേളൂർ, പനത്തടി, കള്ളാർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്.
പരപ്പയിലെ സപ്ന ടെക്സ്റ്റൈൽസ് ഉടമ നിസാർ, കെ.പി.സുഹൈൽ എന്നിവരും കുടുംബാംഗങ്ങളുമടങ്ങിയ ഒരു സംഘം സംഭവത്തിനു തൊട്ടുമുമ്പുള്ള ദിവസം പഹൽഗാമിൽ കുതിരസവാരി നടത്തിയിരുന്നു. സംഭവം നടക്കുമ്പോൾ പഹൽഗാമിന് 12 കിലോമീറ്റർ ചുറ്റളവിലാണ് ഇവരുണ്ടായിരുന്നതെന്നാണ് വിവരം.
ഇതിനു തൊട്ടുപിന്നാലെ ഇവരെ സുരക്ഷിതരായി ശ്രീനഗറിൽ എത്തിച്ചതായാണ് വിവരം. ജില്ലയിൽ നിന്നുള്ള മറ്റു ചിലർ ജമ്മുവിലും എത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ തന്നെ ഇവരെല്ലാം നാട്ടിലേക്ക് തിരിക്കും.