പഴയ ബസ് സ്റ്റാൻഡിനു മുന്നിൽ ബസുകളുടെ പൂരം; ആലാമിപ്പള്ളി സ്റ്റാൻഡ് ആളൊഴിഞ്ഞു തന്നെ
1544925
Thursday, April 24, 2025 2:02 AM IST
കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനായി ടൗണിലെ പഴയ ബസ് സ്റ്റാൻഡ് പൂർണമായും അടച്ചിട്ട നഗരസഭയുടെ പരീക്ഷണം ഒരുമാസത്തോളമായിട്ടും ഫലം കാണാതെ പാളുന്നു. ഈ മാസം ഒന്നുമുതൽ പഴയ ബസ് സ്റ്റാൻഡിനുള്ളിൽ ബസുകളെ പ്രവേശിപ്പിക്കാതായതോടെ ബസുകൾ സ്റ്റാൻഡിനു പുറത്ത് ഇരുവശങ്ങളിലും തലങ്ങും വിലങ്ങും നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.
ചുരുങ്ങിയ സമയം മാത്രമേ ഇവിടെ ബസുകൾ നിർത്താൻ അനുവദിക്കുന്നുമുള്ളൂ. ഈ സമയത്തിനുള്ളിൽ ബസുകൾ പിടിക്കാനുള്ള യാത്രക്കാരുടെ നെട്ടോട്ടവും അതിനിടയിലെ മറ്റു വാഹനങ്ങളും സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരുമൊക്കെയായി നഗരമധ്യത്തിൽ ഗതാഗതക്കുരുക്കൊഴിഞ്ഞ നേരമില്ലാതായി.
ഇവിടെ ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ ഹോംഗാർഡുകളെ നിയോഗിക്കേണ്ട അവസ്ഥയുമാണ്.
അതേസമയം നഗരകേന്ദ്രത്തിൽ നിന്ന് മൂന്നു കിലോമീറ്ററോളം അകലെയുള്ള ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡിൽ ഇപ്പോഴും നാമമാത്രമായ യാത്രക്കാർ മാത്രമാണ് ബസ് കയറാനും ഇറങ്ങാനുമുള്ളത്.
ആളൊഴിഞ്ഞ സ്റ്റാൻഡിൽ ബസുകൾ വെറുതേ കയറ്റിവയ്ക്കുന്നതു മൂലമുള്ള സമയനഷ്ടവും ഇന്ധനനഷ്ടവും ഒഴിവാക്കാൻ മിക്ക ബസുകളും ഇപ്പോഴും സ്റ്റാൻഡിനു പുറത്തുതന്നെയാണ് നിർത്തുന്നത്.
നഗരകേന്ദ്രത്തിൽ നിന്ന് ഇത്രയും അകലെ ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നത് പ്രായോഗികമാവില്ലെന്ന് വർഷങ്ങൾക്കു മുമ്പുതന്നെ നഗരത്തിലെ വ്യാപാരികളും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ബസ് സ്റ്റാൻഡ് തുറക്കുന്നതോടെ നഗരം അവിടംവരെ വികസിക്കുമെന്ന പ്രതീക്ഷയാണ് അന്ന് മറ്റൊരു വിഭാഗത്തിനുണ്ടായിരുന്നത്. പക്ഷേ അത് പെട്ടെന്നൊന്നും നടപ്പാവാനിടയില്ലെന്നാണ് ഇപ്പോഴത്തെ അനുഭവം തെളിയിക്കുന്നത്.
രണ്ട് ബസ് സ്റ്റാൻഡുകളുണ്ടായിട്ടും ഫലത്തിൽ ഒരു ബസ് സ്റ്റാൻഡ് പോലും ഇല്ലാത്തതുപോലെ ബസുകൾ ടൗണിൽ തലങ്ങും വിലങ്ങും നിർത്തുന്ന അവസ്ഥയാണ് ഇപ്പോൾ നഗരത്തിലുള്ളത്.
ഇനി ഈ സ്ഥിതി മാറണമെങ്കിൽ തത്കാലം പഴയ ബസ് സ്റ്റാൻഡ് തന്നെ വേഗത്തിൽ അറ്റകുറ്റപണി നടത്തി വീണ്ടും തുറക്കുകയോ അല്ലെങ്കിൽ ടൗണിൽ ഓരോ ഭാഗത്തേക്കുമുള്ള ബസുകൾ നിർത്തുന്നതിന് കൃത്യമായ ക്രമീകരണങ്ങളും വെയിറ്റിംഗ് ഷെഡുകളും ഒരുക്കുകയോ ചെയ്യേണ്ടിവരുമെന്ന് നാട്ടുകാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
മഴക്കാലം തുടങ്ങുന്നതിനു മുമ്പ് അങ്ങനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ടൗണിലെ യാത്രക്കാരുടെ ദുരിതം ഇതിലേറെയാകുമെന്നുറപ്പാണ്.