പോലീസിനു നേരെ വീണ്ടും കൈയേറ്റം
1544928
Thursday, April 24, 2025 2:02 AM IST
കാഞ്ഞങ്ങാട്: ജില്ലയിൽ വീണ്ടും പോലീസിനു നേരെ കൈയേറ്റം. ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ ആലാമിപ്പള്ളിയിലും രാജപുരം സ്റ്റേഷൻ പരിധിയിലെ ചാമുണ്ഡിക്കുന്ന് ശിവപുരത്തുമാണ് പോലീസിനു നേരെ കൈയേറ്റം നടന്നത്.
ആലാമിപ്പള്ളിയിൽ ചൊവ്വാഴ്ച സന്ധ്യയോടെ വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിലായിരുന്ന സ്കൂട്ടർ യാത്രികനാണ് പോലീസുകാരെ ആക്രമിച്ചത്. പ്രൊബേഷൻ എസ്ഐ കെ.വി.ജിതിന്റെ (29) കൈപിടിച്ചു തിരിക്കുകയും ഒപ്പമുണ്ടായിരുന്ന സിപിഒ അജേഷ് കുമാറി(40)നെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. സ്കൂട്ടർ യാത്രികൻ ബല്ല സ്വദേശി മോഹൻ കുമാറി(52)നെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ മംഗൽപാടി വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാരനാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ചാമുണ്ഡിക്കുന്ന് ശിവപുരത്ത് ബുധനാഴ്ച പുലർച്ചെയാണ് പോലീസ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ ഒരു സ്ത്രീയുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാൽ പ്രദേശവാസികളായ പ്രമോദ്, പ്രദീപ് എന്നിവർ ചട്ടിയും കല്ലുകളും പോലീസിനു നേരെ എറിഞ്ഞതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
എഎസ്ഐ മോൻസി വർഗീസ് (54), സിപിഒമാരായ സജിത് ജോസഫ് (24), കെ.പി.നിതിൻ (32), ഹോംഗാർഡ് ശശികുമാർ (58) എന്നിവർക്ക് പരിക്കേറ്റു. പോലീസ് വാഹനത്തിനും വയർലെസ് സെറ്റിന്റെ ആന്റിനയ്ക്കും തകരാറുണ്ടായി. പ്രതികളെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു.
കഴിഞ്ഞദിവസം ബേഡകത്ത് മദ്യലഹരിയിൽ പോലീസുദ്യോഗസ്ഥനെയും മറ്റൊരു യുവാവിനെയും ആക്രമിച്ച് പരിക്കേല്പിച്ച സഹോദരങ്ങളായ യുവാക്കളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാസർഗോഡ് ചൗക്കിയിലും കഴിഞ്ഞ ദിവസം പോലീസിനു നേരെ ആക്രമണമുണ്ടായിരുന്നു.