പ്രകാശ് എസ്റ്റേറ്റിലെ 154 കർഷകർക്ക് കൈവശാവകാശ രേഖ കൈമാറി
1544372
Tuesday, April 22, 2025 2:06 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ പഴയ പ്രകാശ് പ്ലാന്റേഷൻ എസ്റ്റേറ്റിൽ നിന്ന് ഭൂമി വാങ്ങിയ 154 കർഷകർക്ക് കൈവശാവകാശ രേഖ കൈമാറി. റവന്യൂമന്ത്രി കെ.രാജൻ രേഖകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
നാലേക്കറിൽ താഴെ ഭൂമിയുള്ള 144 പേർക്കും അതിൽ കൂടുതൽ ഭൂമിയുള്ള 10 പേർക്കുമാണ് കൈവശാവകാശ രേഖ ലഭിച്ചത്. ഇതോടെ 2013 മുതൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട കർഷകരുടെ 12 വർഷത്തെ കാത്തിരിപ്പിനും സഹനത്തിനും സമരപോരാട്ടങ്ങൾക്കും ശുഭപര്യവസാനമായി.
കോടതി കേസുകളും മറ്റുമായി ബന്ധപ്പെട്ട് ഏതാനും പേർക്കു കൂടിയാണ് ഇനി രേഖകൾ ലഭിക്കാൻ ബാക്കിയുള്ളത്. ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.രാജഗോപാലൻ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായി.
താലൂക്ക് ലാൻഡ് ബോർഡ് മുൻ ചെയർമാൻ ടി.ആർ.രജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ഡെപ്യൂട്ടി കളക്ടർ (എൽആർ) വിനോദ് ജി.മുല്ലശേരി എന്നിവർ പ്രസംഗിച്ചു.