ഗതാഗതക്കുരുക്കൊഴിയാതെ സർവീസ് റോഡുകൾ
1544379
Tuesday, April 22, 2025 2:06 AM IST
കാസർഗോഡ്: പുതിയ ദേശീയപാതയുടെ നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴും സർവീസ് റോഡുകളിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ഒഴിയുന്നില്ല. ഒറ്റവരി ഗതാഗതം മാത്രം സാധ്യമാകുന്ന സർവീസ് റോഡുകളിലൂടെ വലിയ വാഹനങ്ങളുൾപ്പെടെ നിയന്ത്രണമില്ലാതെ കടന്നുപോകുന്നതാണ് കുരുക്കിന് കാരണമാകുന്നതെന്നാണ് ദേശീയപാത അധികൃതരും കരാറുകാരും പറയുന്നത്. ദേശീയപാതയുടെ പണി പൂർത്തിയായി വലിയ വാഹനങ്ങളെ അതുവഴി തിരിച്ചുവിട്ടു കഴിഞ്ഞാൽ സർവീസ് റോഡുകളിലെ കുരുക്കൊഴിയുമെന്നും അവർ പറയുന്നു.
എന്നാൽ ദേശീയപാതയുടെ പണി പൂർത്തിയായാലും പല ഭാഗങ്ങളിലും ലൈൻ ബസുകളുൾപ്പെടെ സർവീസ് റോഡുകളിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാകുമെന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ചെറിയ ദൂരത്തിൽ പ്രാദേശിക സർവീസുകൾ നടത്തുന്ന ബസുകൾക്ക് ആളുകളെ കയറ്റാനും ഇറക്കാനും മറ്റു വഴിയില്ല. വിവിധ കേന്ദ്രങ്ങളിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും പോകുന്ന ലോറികൾക്കും മറ്റു ചരക്കുവാഹനങ്ങൾക്കും സർവീസ് റോഡുകളിലൂടെ സഞ്ചരിക്കേണ്ടിവരും. ഹ്രസ്വദൂര യാത്രകൾ നടത്തുന്ന സ്വകാര്യവാഹനങ്ങൾക്കും മറ്റു വഴികളുണ്ടാവില്ല. ദേശീയപാതയുടെ പണി പൂർത്തിയായാലും ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയും സർവീസ് റോഡുകളിലൂടെ മാത്രം തിരിച്ചുവിടാനാണ് സാധ്യതയെന്നും സൂചനയുണ്ട്. ഇതെല്ലാം കൂടുമ്പോൾ പാതയോരത്തെ ചെറുകിട ടൗണുകളിലെല്ലാം സർവീസ് റോഡിൽ ഗതാഗതക്കുരുക്കൊഴിയുന്ന നേരമുണ്ടാവില്ലെന്നാണ് ആശങ്ക.
പലയിടങ്ങളിലും മഴക്കാലത്ത് വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങൾ കൂടുതലായി ബാധിക്കുന്നതും സർവീസ് റോഡുകളെയാണ്. ഇതും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടും. കുമ്പള മൊഗ്രാൽ പോലുള്ള സ്ഥലങ്ങളിൽ ഇത്തവണ വേനൽമഴ പെയ്തപ്പോൾ പോലും വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. ഇവിടെ ടൗണിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കുത്തിയൊഴുകി വരുന്ന വെള്ളം ഉൾക്കൊള്ളാൻ ദേശീയപാതയോരത്തെ ഓവുചാലിന് ശേഷിയുണ്ടാവില്ലെന്നും സമീപറോഡുകളിലേക്ക് വെള്ളം തുറന്നുവിടേണ്ടിവരുമെന്നുമാണ് കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി സ്വീകരിച്ച നിലപാട്. ഇതിനെ നാട്ടുകാർ എതിർത്തതോടെ സർവീസ് റോഡിൽ വെള്ളക്കെട്ടൊഴിയാത്ത നിലയായി.
കാഞ്ഞങ്ങാട് സൗത്തിൽ കഴിഞ്ഞ ദിവസം നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന വലിയ ട്രക്കും തൊട്ടപന്നാലെ വന്ന ടാർ മിക്സിംഗ് യന്ത്രവും സർവീസ് റോഡിൽ കുരുങ്ങിയത് മൂന്നു മണിക്കൂറോളം ഗതാഗതക്കുരുക്കിന് വഴിവച്ചിരുന്നു. ഒടുവിൽ നിർമാണ കരാറുകാരായ മേഘ എൻജിനിയറിംഗ് അധികൃതർ സ്ഥലത്തെത്തി സർവീസ് റോഡിനോടു ചേർന്നുള്ള ഡിവൈഡർ ജെസിബി ഉപയോഗിച്ച് നീക്കംചെയ്താണ് കുരുക്കൊഴിവാക്കിയത്.