പ്രകാശ് എസ്റ്റേറ്റിലെ കർഷകർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം
1544086
Monday, April 21, 2025 1:25 AM IST
സ്വന്തം ലേഖകൻ
വെള്ളരിക്കുണ്ട്: റവന്യൂ അധികാരങ്ങൾ നഷ്ടമായി 12 വർഷത്തെ കാത്തിരിപ്പിനും സമരപോരാട്ടങ്ങൾക്കുമൊടുവിൽ പ്രകാശ് എസ്റ്റേറ്റിലെ കർഷകർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം. ഇന്നുച്ചകഴിഞ്ഞ് 2.30ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പഴയ പ്രകാശ് എസ്റ്റേറ്റിലെ താമസക്കാരായ 177 കുടുംബങ്ങൾക്ക് റവന്യൂമന്ത്രി കെ. രാജൻ ഭൂമിയുടെ കൈവശാവകാശ രേഖ കൈമാറും.
വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 275 ഏക്കർ സ്ഥലത്ത് 1977 മുതൽ വിവിധ കാലഘട്ടങ്ങളിലായി 205 കുടുംബങ്ങൾ ഭൂമിവാങ്ങി വീടുവച്ചും കൃഷിചെയ്തും കഴിഞ്ഞുവരികയായിരുന്നു. 2013 ജൂൺ 27നാണ് അന്നത്തെ ജില്ലാ കളക്ടർ ഇവിടെയുള്ള സ്ഥലങ്ങൾ ക്രയവിക്രയം ചെയ്യുന്നതും നികുതി സ്വീകരിക്കുന്നതും കൈവശ സർട്ടിഫിക്കറ്റ് മുതലായവ നല്കുന്നതും തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ നിയമപരമായ രേഖകളോടുകൂടി പതിറ്റാണ്ടുകളായി താമസിക്കുകയും കൃഷിചെയ്യുകയും ചെയ്തുവന്ന കുടുംബങ്ങൾ കുടിയിറക്കിന്റെ ഭീഷണിയിലായി. വീട്ടു നമ്പർ, വൈദ്യുത കണക്ഷൻ, റേഷൻ കാർഡ്, കാർഷിക സബ്സിഡികൾ, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, കാർഷിക-വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയ അത്യാവശ്യകാര്യങ്ങൾ പോലും ഇവർക്ക് നിഷേധിക്കപ്പെടുന്ന സ്ഥിതിയായി.
2014 മേയ് 13ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന വികാരിയായി ചുമതലയേറ്റ ഫാ. ആന്റണി തെക്കേമുറി ഈ ജനവിഭാഗങ്ങളുടെ പ്രശ്നം നേരിട്ട് കണ്ടറിഞ്ഞ് പ്രകാശ് ഭൂസംരക്ഷണ സമിതിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായുള്ള നിയമപരമായ ശ്രമങ്ങൾക്കും സമര പോരാട്ടങ്ങൾക്കും തുടക്കമായി.
ആന്റണിയച്ചന്റെ നേതൃത്വത്തിൽ പ്രകാശ് എസ്റ്റേറ്റിലെ കുടുംബങ്ങൾ 2014 ഒക്ടോബർ 25ന് താലൂക്ക് ഓഫീസിനു മുന്നിൽ നിരാഹാരസമരം നടത്തി. തുടർന്ന് വെള്ളരിക്കുണ്ടിലെ ഭൂമിപ്രശ്നം മന്ത്രിസഭാ ഉപസമിതിക്ക് വിട്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. 2015 ഡിസംബർ 21ന് രാവിലെ ഏഴിന് ആന്റണിയച്ചൻ താലൂക്ക് ഓഫീസിന്റെ കവാടത്തിൽ ഉപരോധസമരം നടത്തി. നാട്ടുകാർ ഒഴുകിയെത്തിയതോടെ ഉദ്യോഗസ്ഥരും പോലീസും അകത്തുകടക്കാനാവാതെ വലഞ്ഞു.
അച്ചനെ അറസ്റ്റുചെയ്ത് നീക്കിയാൽ മുഴുവൻ പേരും അറസ്റ്റ് വരിക്കുമെന്ന സ്ഥിതിയായതോടെ സർക്കാർ തലത്തിൽ ഇടപെട്ട് മണിക്കൂറുകളോളം ചർച്ച നടത്തി. ഒടുവിൽ ഒരു മാസത്തിനുള്ളിൽ പ്രകാശ് എസ്റ്റേറ്റിലെ താമസക്കാർക്ക് നികുതിയടക്കാനുള്ള സംവിധാനം ഒരുക്കിനല്കാമെന്ന് സർക്കാരിനു വേണ്ടി എഡിഎം എഴുതിനല്കിയതോടെയാണ് തുടർച്ചയായി 30 മണിക്കൂറോളം നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്. അങ്ങനെ റവന്യൂ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ ആദ്യ കടമ്പ പിന്നിട്ടു.
2017ൽ പഴയ പ്രകാശ് എസ്റ്റേറ്റിലെ 41 ഏക്കറും രണ്ടു സ്വകാര്യ വ്യക്തികളുടെ സ്ഥലവും സർക്കാർ ഏറ്റെടുത്തു. തുടർന്ന് കേരള കോൺഗ്രസ്-എം നേതാക്കളായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജോസ് കാക്കക്കൂട്ടുങ്കൽ, ടോമി മണിയൻതോട്ടം, ബിജു തുളുശേരി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരെ ഇടപെടുത്തി ഇവിടുത്തെ യഥാർഥ സാഹചര്യങ്ങളും കർഷകരുടെ ആവശ്യങ്ങളും വീണ്ടും റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.
2022 ഓഗസ്റ്റിൽ കെ.എസ്. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ലാൻഡ് ബോർഡ് അംഗങ്ങളെ ചെന്നുകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഈ പ്രവർത്തനങ്ങളുടെ ഫലമായി ലാൻഡ് ബോർഡ് ബന്ധപ്പെട്ട സ്ഥലങ്ങൾ ഏറ്റെടുക്കുകയും താമസക്കാർക്കും കർഷകർക്കും റവന്യൂ അധികാരങ്ങൾ തിരിച്ചുനല്കാൻ തീരുമാനമെടുക്കുകയുമായിരുന്നു. ഇന്ന് റവന്യൂമന്ത്രി ഇവരുടെ ഭൂമിയുടെ കൈവശാവകാശ രേഖകൾ കൈമാറുമ്പോൾ ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന ഇവരുടെ സമരപോരാട്ടങ്ങളിൽ എന്നും ഒപ്പംനിന്ന ദീപികയ്ക്കും ഇത് അഭിമാനനിമിഷമാകുകയാണ്.