ഗോകുലിന് വേണം സുമനസുകളുടെ കൈത്താങ്ങ്
1544932
Thursday, April 24, 2025 2:02 AM IST
പാണത്തൂർ: ബൈക്ക് അപകടത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. പാണത്തൂർ നെല്ലിക്കുന്നിലെ ആർ. ഗോകുലാണ് (23) സഹായം തേടുന്നത്.
മാർച്ച് 29ന് പാണത്തൂർ പാറക്കടവിലെ ഉത്സവം കഴിഞ്ഞ് വരുന്നതിനിടെ
അപകടത്തിൽപെടുകയായിരുന്നു. തലച്ചോറിന് ക്ഷതം സംഭവിച്ച ഗോകുൽ ഇപ്പോഴും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ തുടരുകയാണ്. ഇതുവരെയുള്ള ചികിത്സയ് ക്കായി 10 ലക്ഷം രൂപ ചെലവായി.
പിന്നോക്കവിഭാഗത്തിൽ പെടുന്ന കുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാനുള്ള കഴിവില്ല. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ചെയർമാനായും പി.തമ്പാൻ കൺവീനറുമായി ഗോകുൽ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമീൺ ബാങ്ക് പാണത്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഇനി ചെയ്യാനുള്ളത് ഫിസിയോതെറപ്പിയാണെന്നാണ് ഡോക്ടർ നിർദേശിച്ചത്. പക്ഷേ, ഗോകുലിനെ ഇതിനായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റണമെങ്കിൽ നിലവിൽ ആശുപത്രിയിൽ ചെലവായ തുക കെട്ടിവയ്ക്കണം.
10 ലക്ഷം ചെലവായതിൽ രണ്ടര ലക്ഷം മാത്രമാണ് ഇതുവരെ നൽകാനായത്. ഒരു ദിവസം 40,000 രൂപയാണ് ആശുപത്രിയിൽ വേണ്ടത്. ഗോകുലിന്റെ ജീവൻ രക്ഷിക്കാൻ സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് കുടുംബം.
ഇതിനായി അക്കൗണ്ട് നമ്പർ: 40492101066906, ഐഎഫ്സി KLGB0040492, കേരള ഗ്രാമീൺ ബാങ്ക്, പാണത്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.