നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്
1544600
Wednesday, April 23, 2025 1:55 AM IST
തൃക്കരിപ്പൂർ: വിമാനത്താവളത്തിൽ നിന്നും വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ തങ്കയം ഗവ. താലൂക്ക് ആശുപത്രിക്കു സമീപമാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന തൃക്കരിപ്പൂർ തൈക്കീലിലെ മൊയ്തുവിനാണ് (36) ഗുരുതര പരിക്കേറ്റത്.
സ്കൂട്ടറിലുണ്ടായിരുന്ന സഫീറിനും അപകടം നടക്കവേ റോഡിലൂടെ വന്ന മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരി കക്കുന്നം അങ്കണവാടിയിലെ വർക്കർ കെ. സന്ധ്യക്കും (40) പരിക്കേറ്റു.
തലക്കും നെറ്റിക്കും പരിക്കേറ്റ മൊയ്തുവിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും സന്ധ്യയെയും സഫീറിനെയും തൃക്കരിപ്പൂരിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കാറിന്റെ ഇരു എയർ ബാഗുകളും വിടർന്നതിനാൽ കാറിലുണ്ടായിരുന്നവർക്ക് വലിയ പരിക്കില്ലാതെ രക്ഷപ്പെടാനായി. ബഹറിനിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി കാറിൽ വരവേയാണ് എടച്ചാക്കൈ സ്വദേശി ടി.കെ. മുസ്തഫയും ഭാര്യ ആയിഷയും മകനും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്.