കഴിഞ്ഞ വർഷം ജില്ലയിലെ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് 1647 വിനോദസഞ്ചാരികൾ
1544082
Monday, April 21, 2025 1:25 AM IST
കാസർഗോഡ്: ഉത്തരവാദിത്വ ടൂറിസം മിഷന്റെ വിവിധ പാക്കേജുകളിലൂടെ കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിലെ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് 1647 വിനോദസഞ്ചാരികൾ. ഇതിൽ 1283 പേർ ആഭ്യന്തര വിനോദസഞ്ചാരികളും 364 പേർ വിദേശ സഞ്ചാരികളുമാണ്. ഉത്തരവാദിത്വ ടൂറിസം മിഷൻ മുഖേനയല്ലാതെ നേരിട്ടെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഇതിലേറെയാണ്. കാലങ്ങളായി ബേക്കലും റാണിപുരവും മാത്രം കേന്ദ്രീകരിച്ച് നിന്നിരുന്ന ജില്ലയിലെ വിനോദസഞ്ചാര മേഖല വൈവിധ്യമാർന്ന പുതിയ തലങ്ങളിലേക്ക് കടക്കുന്നുവെന്നതിന്റെ സൂചനയായാണ് ടൂറിസം മേഖലയിലെ വിദഗ്ധർ ഇതിനെ കാണുന്നത്.
ഉത്തരവാദിത്വ ടൂറിസം മിഷൻ കഴിഞ്ഞ വർഷം നടപ്പാക്കിയ തെയ്യം, സുരംഗ പാക്കേജുകൾ വിദേശികളടക്കം ഒട്ടനവധി സഞ്ചാരികളെ ആകർഷിച്ചവയാണ്. ഈ പാക്കേജുകളുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ സഞ്ചാരികളെ വിവിധ കളിയാട്ടക്കാവുകളിലേക്കും പരമ്പരാഗത ജലസ്രോതസുകളായ സുരംഗകൾ നേരിട്ടു കാണുന്നതിനായി ബേഡഡുക്ക പഞ്ചായത്ത്, പരപ്പ ബാനം എന്നിവിടങ്ങളിലേക്കും എത്തിക്കുകയായിരുന്നു.
എ ഡേ വിത്ത് ആർട്ടിസാൻസ് എന്ന പേരിൽ നടപ്പാക്കിയ പാക്കേജിനും മികച്ച സ്വീകരണമാണ് കിട്ടിയത്. ഈ പാക്കേജിലുൾപ്പെടുത്തി കള്ളുചെത്ത്, മൺപാത്ര നിർമാണം, കൊട്ടമെടയൽ, ഓലമെടയൽ എന്നീ പരമ്പരാഗത തൊഴിലുകൾ കാണാനും തൊഴിലാളികളോട് സംവദിക്കാനും സഞ്ചാരികൾക്ക് അവസരമൊരുക്കിയിരുന്നു.
നഗരങ്ങളിൽ പഠിച്ചുവളർന്ന യുവതലമുറയിൽപെട്ട ആഭ്യന്തര സഞ്ചാരികളാണ് വിദേശികളേക്കാൾ കൂടുതലായി ഈ അവസരം അനുഭവിച്ചറിയാൻ മുന്നിൽ നിന്നത്. വലിയപറമ്പ് പഞ്ചായത്തിൽ നടപ്പാക്കിയ സ്ട്രീറ്റ് പദ്ധതിക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
പ്രാദേശിക സംരംഭകർക്ക് ഹോം സ്റ്റേ, ഫാം ടൂറിസം തുടങ്ങിയ മേഖലകളിൽ പരിശീലനം നല്കാനും ഉത്തരവാദിത്വ ടൂറിസം മിഷൻ മുൻകൈയെടുക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 40 പുതിയ സംരംഭങ്ങളാണ് ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിൽ തുടങ്ങിയത്.