ആര്‍ടിഎ യോഗങ്ങള്‍ വെട്ടിക്കുറച്ചു; അപേക്ഷകര്‍ വലയുന്നു
1544596
Wednesday, April 23, 2025 1:55 AM IST
കാസര്‍ഗോഡ്: ജില്ലയിലെ പൊതുഗതാഗത വിഷയങ്ങള്‍ പരിഗണിക്കേണ്ട റീജണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി യോഗം ചേരുന്നതിലും തുടര്‍നടപടി സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥര്‍ ഉഴപ്പുന്നത് അപേക്ഷകരെ വലക്കുന്നു. ഒന്നു മുതല്‍ മൂന്നുമാസത്തെ ഇടവേളകളില്‍ ചേരുന്ന യോഗങ്ങളാണ് ഇപ്പോള്‍ ഏഴുമാസം വരെ വൈകിപ്പിക്കുകയും തീരുമാനം പ്രസിദ്ധീകരിക്കാന്‍ പിന്നെയും രണ്ടു മാസത്തിലേറെ കാലവുമെടുക്കുന്നത്.
ഫെബ്രുവരി 19നാണ് ഏറ്റവുമൊടുവില്‍ യോഗം ചേര്‍ന്നത്. ഇതിനു മുന്‍പ് 2024 ജൂലൈ, ജൂണ്‍, ഫെബ്രുവരി, ജനുവരി, 2023 ഡിസംബര്‍, സെപ്റ്റംബര്‍, ജൂണ്‍ മാസങ്ങളിലായിരുന്നു യോഗങ്ങള്‍ നടന്നിരുന്നത്. യോഗങ്ങള്‍ അനന്തമായി നീട്ടുന്നത് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതി നഷ്ടമാക്കുന്നുമുണ്ട്.
ഏറ്റവുമൊടുവിലെ യോഗത്തില്‍ മാത്രം ജില്ലയിലെ ഒട്ടേറെ ഗ്രാമങ്ങളിലേക്കായി 55 പുതിയ ബസ് പെര്‍മിറ്റുകള്‍ക്കാണ് അപേക്ഷയെത്തിയത്. അതിവേഗം അപേക്ഷകള്‍ പാസാക്കി ഓടാനുള്ള സമയവും നിശ്ചയിച്ച് കൊടുത്താല്‍ പ്രത്യക്ഷ നികുതിയായി മാത്രം വര്‍ഷം 55 ലക്ഷം രൂപ ഖജനാവിലേക്കെത്തും. യാത്രാസൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം തീരുമെന്നതിനൊപ്പം ഓരോ ബസുകള്‍ക്കും ഉപയോഗിക്കുന്ന ഡീസലില്‍ നിന്നും സര്‍ക്കാരിന് 1250 രൂപ ദിവസവും നികുതിയായി ലഭിക്കും. നൂറ്റമ്പതോളം പേര്‍ക്ക് ഉപജീവന മാര്‍ഗവുമാകും. എന്നാല്‍, അപേക്ഷകരെ വര്‍ഷത്തോളം വലച്ച് പുതിയ പെര്‍മിറ്റുകള്‍ വരുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ലോബി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി അപേക്ഷകര്‍ പറയുന്നു.
പെര്‍മിറ്റുകള്‍ മാത്രമായി കച്ചവടം നടത്തുന്നതിനെ നിയമം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ജില്ലയില്‍ സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പത്തുലക്ഷത്തിന് മുകളിലുള്ള തുകയ്ക്കാണ് കൈമാറ്റം ചെയ്യുന്നത്. നാമമാത്രമായ ഫീസടച്ച് പുതിയ ബസ് പെര്‍മിറ്റുകള്‍ വരുന്നത് പരമ്പരാഗതമായി മേഖലയിലുള്ളവര്‍ക്ക് തിരിച്ചടിയാകും. ഇതോടെയാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വളഞ്ഞ വഴി സ്വീകരിക്കുന്നത്.
മുന്‍കാലങ്ങളില്‍ പുതിയ പെര്‍മിറ്റുകള്‍ യോഗം അംഗീകരിച്ച ശേഷവും ബസ് വാങ്ങിയാല്‍ മതിയാകും. ഇതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ഓടാനുള്ള സമയം നിര്‍ണയിച്ച് നല്‍കും. എന്നാല്‍, അനുയോജ്യമായ വാഹനം ഹാജരാക്കുമെന്ന അപേക്ഷ ഭാവന മാത്രമാണെന്നും അത്തരം പെര്‍മിറ്റ് അനുവദിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും കാട്ടി സമീപാലത്തായി പല ആര്ടിഎകളും അപേക്ഷ തള്ളുന്നുണ്ട്.
അനിശ്ചിതമായി ചേരാത്ത യോഗങ്ങള്‍ പ്രതീക്ഷിച്ച് ബസുകള്‍ വാങ്ങിയിട്ട് റോഡിലിറക്കാനാകാതെ കടക്കെണിയിലാകണോയെന്നാണ് അപേക്ഷകരുടെ ചോദ്യം. പെര്‍മിറ്റുള്ള ബസുകള്‍ക്ക് പകരമായി ഇവയ്ക്ക് ഓടാമെങ്കിലും സ്ഥിരമായി ഓട്ടം ലഭിച്ചില്ലെങ്കില്‍ ബാധ്യതയാകുമെന്നാണ് അപേക്ഷകരുടെ പേടി.
ജില്ലയില്‍ 1995ല്‍ ആയരത്തോളം ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇന്നത് 400 ഓളമായി ചുരുങ്ങി. ഇതില്‍ 150 എണ്ണവും കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലാണ്. മലയോരത്ത് ഒട്ടേറെ പുതിയ റോഡുകള്‍ വന്നിട്ടും ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയം സമാന്തര സര്‍വീസുകളും സ്വകാര്യ വാഹനങ്ങളുമാണ്.
പെര്‍മിറ്റുകള്‍ പാസാക്കിയാലും സമയക്രമം അനുവദിക്കാന്‍ മാസങ്ങളോളമെടുത്ത് മൂന്നോ നാലോ യോഗങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇവരെ പ്രയാസത്തിലാക്കുന്നു. മലയോരത്തേക്കുള്ള ബസിനെ വഴിയില്‍ പലയിടത്തും അരമണിക്കൂര്‍ വരെ നിര്‍ത്തിയിടുന്ന വിധം സമയക്രമം നല്കി യാത്രക്കാരില്ലാതെയാക്കി നഷ്ടത്തിലാക്കിയ സംഭവങ്ങളും നടക്കുന്നതായും അപേക്ഷകര്‍ പറയുന്നു.