ഭാവിയുടെ സാങ്കേതികവിദ്യയെ തൊട്ടറിയാം, സ്റ്റാര്‍ട്ടപ്പ് മിഷന് പവലിയനിലൂടെ
1544930
Thursday, April 24, 2025 2:02 AM IST
കാലിക്കടവ്: നിര്‍മിതബുദ്ധി, റോബോട്ടിക്സ്, മെഷീന് ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കി എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഒരുക്കിയ പവലിയന് ഭാവിയുടെ നേര്‍ക്കാഴ്ചയായി.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 27 വരെ കാലിക്കടവ് മൈതാനത്ത് സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളയില്‍ ഈ പവലിയന് ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ടറിയാന്‍ തക്കവിധമുള്ള എക്സ്പീരിയന്‍സ് സെന്ററുകളായാണ് ഓരോ ജില്ലയിലും കെഎസ്എമ്മിന്റെ പവലിയനുകള്‍ പ്രവര്‍ത്തിക്കുകയെന്ന് സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി.
നിര്‍മിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി, വെര്ച്വല്റയാലിറ്റി, ത്രിഡി പ്രിന്റിംഗ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമാണ് നടത്തുന്നത്.
ശബ്ദത്തിലൂടെ വീഡിയോ നിര്‍മ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കല്, പുതുതലമുറ വാക്കുകളുടെ വിശകലനം, എആര്‍ വിആര്‍ കണ്ണടകള്‍, ഗെയിമുകള്‍, ഡോഗ്ബോട്ട് എന്ന റോബോട്ട് നായ, കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന റോബോട്ട്, മിനി ബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചര്‍, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങി ഭാവി ജീവിതത്തില്‍ പൊതുജനം നേരിട്ടറിയാന്‍ പോകുന്ന സാങ്കേതികവിദ്യകളുടെ പരിച്ഛേദമാണ് ഇവിടെ നല്‍കുന്നത്.