പിണറായി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് ഒരുകൂട്ടം നിസഹായരുടെ കണ്ണുനീരില്‍: എം.ടി. രമേശ്
1544089
Monday, April 21, 2025 1:25 AM IST
കാസര്‍ഗോഡ്: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ഥികളും ആശാവര്‍ക്കര്‍മാരുമുള്‍പ്പെടെ നിസഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിലാണ് പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും വിവിധ സമരങ്ങളോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് കമ്യൂണിസ്റ്റ് ഭരണകൂടം വച്ചുപുലര്‍ത്തുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നടന്നുവരുന്ന വിവിധ സമരങ്ങള്‍ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അവരുടെ കമ്യൂണിസ്റ്റ് സ്വഭാവം നഷ്ടമായതിന് തെളിവാണ്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമ്പോള്‍ ഉദ്യോഗാര്‍ഥികളെ സമാശ്വസിപ്പിക്കുന്നതിന് പകരം സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി നോക്കാന്‍ ആവശ്യപ്പെടുന്നത് അനുചിതവും അപമാനിക്കുന്നതിന് തുല്യവുമാണ്. ആശാവര്‍ക്കര്‍മാരുടെ സമരം രണ്ടുമാസം പിന്നിടുമ്പോഴും സമാനമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.
വനിതാ സിവില്‍ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ജേതാക്കളുടെ വിഷയത്തില്‍ ഉള്‍പ്പെടെ ഇടപെടാന്‍ വിസമ്മതിച്ച ഡിവൈഎഫ്ഐ പിരിച്ചുവിടാന്‍ സമയമായെന്നും യുവജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ മടിക്കുന്ന യുവജന സംഘടന നാടിനു ആവശ്യമില്ലെന്നും ഒരു പക്ഷെ ലഹരി മാഫിയയ്ക്ക് ഇത്തരം ഒരു സംഘടന ആവശ്യമായി വന്നേക്കാമെന്നും രമേശ് പരിഹസിച്ചു.