ദേശീയപാതയുടെ ആദ്യറീച്ചിന്റെ ഉദ്ഘാടനം മേയ് അവസാനം
1544593
Wednesday, April 23, 2025 1:55 AM IST
കാസർഗോഡ്: സംസ്ഥാനത്തെ നവീകരിച്ച ദേശീയപാതയുടെ ആദ്യറീച്ചായ തലപ്പാടി-ചെങ്കള പാതയുടെ ഉദ്ഘാടനം മേയ് അവസാനവാരത്തോടെ നടത്താൻ ധാരണ. 39 കിലോമീറ്റർ ദൂരത്തിലുള്ള ഈ റീച്ചിൽ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. സർവീസ് റോഡുകളുടെയും ഓവുചാലുകളുടെയും നിർമാണവും വിളക്കുകാലുകളും സൂചനാ ബോർഡുകളും സ്ഥാപിക്കുന്ന ജോലിയുമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്.
പുതിയ ദേശീയപാതയുടെ രണ്ടു വശങ്ങളിലും സർവീസ് റോഡുകളുമായി വേർതിരിക്കുന്ന ഡിവൈഡറുകളിൽ ശരാശരി 40 മീറ്റർ അകലത്തിലാണ് വിളക്കുകാലുകൾ സ്ഥാപിക്കുന്നത്. 39 കിലോമീറ്റർ ദൂരത്തിൽ ആകെ 1750 വിളക്കുകാലുകളാണ് സ്ഥാപിക്കും. ഒരു വിളക്കുകാലിൽ രണ്ടെണ്ണമെന്ന കണക്കിൽ 240 വാട്ടിന്റെ 3500 എൽഇഡി ലൈറ്റുകൾ ഇവയിൽ സ്ഥാപിക്കും. പ്രധാന പാതയിലേക്കും സർവീസ് റോഡുകളിലേക്കും ഇവ വെളിച്ചം വിതറും.
കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ സൗരോർജവിളക്ക് പരീക്ഷണം ബാറ്ററികളുടെ അല്പായുസും മറ്റു സാങ്കേതിക തകരാറുകളും മൂലം പരാജയപ്പെട്ട സാഹചര്യത്തിൽ ദേശീയപാതയിലെ വിളക്കുകൾക്ക് കെഎസ്ഇബിയുടെ വൈദ്യുതി കണക്ഷൻ തന്നെ ഉപയോഗിക്കാനാണ് തീരുമാനം. 15 വർഷത്തേക്ക് റോഡിന്റെ പരിപാലന ചുമതല കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. വൈദ്യുതി ചാർജും ഇവർ തന്നെയാണ് അടയ്ക്കേണ്ടത്.
ദേശീയപാതയുടെ മധ്യഭാഗത്തെ ഡിവൈഡറുകളിലാണ് സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് സ്ഥലനാമങ്ങളും ദൂരവുമടക്കം രേഖപ്പെടുത്തുക. അതിർത്തിമേഖലയായതിനാൽ ആദ്യറീച്ചിൽ കന്നഡ ഭാഷ കൂടി ഉൾപ്പെടുത്തിയേക്കും. വളവ്, വേഗപരിധി തുടങ്ങിയവ കാണിക്കുന്ന ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കും. ഡിവൈഡറുകളിൽ അഞ്ചര മീറ്റർ ഉയരത്തിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.
ഉയരം ഇതിൽ കുറവായാൽ വാഹനങ്ങൾ ബോർഡിൽ തട്ടുമെന്നതാണ് പ്രശ്നം. പക്ഷേ അഞ്ചര മീറ്റർ ഉയരത്തിലുള്ള സൂചനാ ബോർഡുകൾ നേരിട്ട് ഡ്രൈവർമാരുടെ കണ്ണിൽ പെടാൻ സാധ്യത കുറവാണെന്ന പ്രശ്നം ബാക്കിയാണ്.
കർണാടക അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ കോൺക്രീറ്റ് ഡിവൈഡറുകൾക്ക് പകരം വീതിയുള്ള മീഡിയനുകളാണ് നിർമിച്ചിട്ടുള്ളത്. ഇതിനു നടുവിൽ ഡ്രൈവർമാർക്ക് നേരിട്ട് കാണാവുന്ന ഉയരത്തിലാണ് സൂചനാ ബോർഡുകൾ സ്ഥാപിച്ചത്. മധ്യഭാഗത്തും ഇരുവശങ്ങളിലുമുള്ള മീഡിയനുകളിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ ദേശീയപാതാ വികസനത്തിനായി അത്രയും വീതിയിൽ സ്ഥലം ഏറ്റെടുക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് മീഡിയനുകൾ ഒഴിവാക്കി പകരം വീതികുറഞ്ഞ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചത്.
ജില്ലയിൽ ദേശീയപാതയുടെ രണ്ടും മൂന്നും റീച്ചുകളുടെ നിർമാണം ഈ വർഷാവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചെങ്കള മുതൽ നീലേശ്വരം വരെയും നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുമുള്ള ഈ രണ്ടു റീച്ചുകളുടെയും നിർമാണം ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (മെയ്ൽ) ആണ് നടത്തുന്നത്.