ഇടതുസര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ നിലനില്പ് തന്നെ അപകടത്തിലാക്കി: എം. വിന്‍സന്റ്
1544376
Tuesday, April 22, 2025 2:06 AM IST
കാസര്‍ഗോഡ്: കെഎസ്ആർടിസി ജീവനക്കാരുടെ നിലനില്പ് തന്നെ ഇടതുസര്‍ക്കാര്‍ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണെന്ന് എം.വിന്‍സെന്റ് എംഎല്‍എ. കെഎസ്ആര്‍ടിസി അതിജീവനയാത്രയ്ക്ക് കാസര്‍ഗോഡ് ഡിപ്പോയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
6400 ഓളം ബസുകളും 42,000 ജീവനക്കാരുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നും ഭരണം ഏറ്റെടുത്ത കെഎസ്ആര്‍ടിസിക്ക് നിലവില്‍ 3000ത്തോളം ബസുകളും 20,000 ഓളം ജീവനക്കാരും മാത്രമായി തകര്‍ത്തിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. കാലാവധി കഴിഞ്ഞതും ഇന്‍ഷുറന്‍സ് പോലും ഇല്ലാത്തതുമായ ബസുകളില്‍ യാത്ര ചെയ്യുവാനും ജോലി ചെയ്യുവാനും പൊതുജനത്തിനും ജീവനക്കാര്‍ക്കും ഭയമായി തുടങ്ങി.
രാജ്യത്തെ സേനാവിഭാഗങ്ങളില്‍ ഉള്ളതിനെക്കാളും കൂടുതലാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ മരണനിരക്ക്. നിയമസഭയില്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ സംരക്ഷണ കവചമായി നിലകൊണ്ടത് യുഡിഎഫ് മാത്രമാണെന്നും കഴിഞ്ഞ 106 മാസത്തിന് ഇടയില്‍ ടിഡിഎഫ് സമരം ചെയ്യാതെ എപ്പോഴെങ്കിലും ശമ്പളം തന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പി.പി.സുധീര്‍ അധ്യക്ഷതവഹിച്ചു.
ബിജു ജോണ്‍, എ.എന്‍.രാജേഷ്, പി.എം.പ്രതീപ് കുമാര്‍, രമേശന് കരുവാച്ചേരി, എം.വി.പത്മനാഭന്, സി.ജി.ടോണി, ടി.കെ.ഷംസുദ്ദീന്, ജലീല്‍ മല്ലം, പി.ടി.രഞ്ജിത്, രാമചന്ദ്രന്, നരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.