എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്നു മുതൽ
1544081
Monday, April 21, 2025 1:25 AM IST
പിലിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
റവന്യൂ മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ബി. ഗണേഷ്കുമാര് എന്നിവര്‍ സംബന്ധിക്കും.
രാവിലെ 11ന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ നടക്കുന്ന യോഗത്തില്‍ ക്ഷണിക്കപ്പെട്ട 500 വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍, തൊഴിലാളി യൂണിയന് പ്രതിനിധികള്‍, യുവാക്കൾ, വിദ്യാര്‍ഥികള്‍, സാംസ്കാരിക-കായിക മേഖലകളിലെ പ്രതിഭകള്‍, പ്രഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍, സാമുദായിക നേതാക്കള്‍ എന്നിങ്ങനെയുള്ള പ്രതിനിധികളെയാണ് യോഗത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
മേളയിലെ വിവിധ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം പവലിയന്, കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഫുഡ് കോര്‍ട്ടുകള്‍, കലാപരിപാടികള്‍, പുസ്തകമേള, കാര്‍ഷിക പ്രദര്‍ശനം, ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച ഇന്സ്റ്റലേഷന് എന്നിവ മേളയിലുണ്ടാകും. കെഎസ്എഫ്ഡിസിയുടെ മിനി തിയേറ്ററും ഉണ്ടാകും.
സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്മാരുടെ ലൈവ് ഡെമോണ്‍സ്ട്രേഷനും ഒരുക്കും. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകും.
ഏഴുദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി 73,923 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വിപുലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 45,940 സ്ക്വയര്‍ ഫീറ്റ് ഭാഗം എയര്‍ കണ്ടീഷന്‍ഡ് ആയിരിക്കും. ഇവിടെയാണ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും വിവധ പ്രദര്‍ശനങ്ങളും സജ്ജീകരിക്കുന്നത്. കാര്‍ഷിക പ്രദര്‍ശനത്തിനും ഡോഗ് ഷോയ്ക്കും വേണ്ടി 6,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള നോണ്‍ എസി പന്തലുകളും സജ്ജമാക്കും.
എല്ലാ ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെ കലാപരിപാടികളുണ്ടാകും. ഉദ്ഘാടന ദിവസമായ നാളെ രാത്രി എട്ടിന് ആല്‍മരം മ്യൂസിക് ബാന്റിന്റെ അവതരണം. 22ന് ഗോത്രകലകള്‍. തുടർന്ന് നാടകം, നൃത്തശില്പം. 23ന് വിവിധ സർക്കാർ ജീവനക്കാരുടെ കലാപരിപാടികൾ, ഫ്യൂഷന്‍ ഡാന്‍സ്, നാടകം, ഭിന്നശേഷി വിദ്യാര്‍ഥികളുടെ പരിപാടികൾ, ഗസല്‍ തേന്മഴ.
24ന് കല്ലറ ഗോപന് നയിക്കുന്ന മധുരഗീതങ്ങള്‍ ഗാനമേള, കലാമണ്ഡലം സ്വരചന്ദും സംഘവും അവതരിപ്പിക്കുന്ന കഥകളി. 25ന് യുവജനക്ഷേമ ബോര്‍ഡ് അവതരിപ്പിക്കുന്ന മാര്‍ഗംകളി, വനിതാ ശിശുവികസന വകുപ്പ് അവതരിപ്പിക്കുന്ന യക്ഷഗാനം, അങ്കണവാടി കുട്ടികളുടെ പരിപാടികൾ. തുടര്‍ന്ന് സുഭാഷ് അറുകര, സുരേഷ് പള്ളിപ്പാറ എന്നിവര്‍ നയിക്കുന്ന നാടന്‍പാട്ട്, കണ്ണൂര്‍ യുവകലാസാഹിതിയുടെ ആയഞ്ചേരി വല്യശ്മാനന് നാടകം.
26ന് പൂരക്കളി, മോഹിനിയാട്ടം, പട്ടുറുമാല് ഫെയിം കുഞ്ഞുഭായ് പടന്നയുടെ ഇശല്‍രാവ്, കുടുംബശ്രീ കലാസന്ധ്യ. 27ന് സീനിയര്‍ സിറ്റിസണ്‍സ് ഗ്രൂപ്പ് ഡാൻസ്, സ്കൂള്‍ വിദ്യാര്‍ഥികളുടെ പരിപാടി, ഫ്യൂഷന്‍ ഡാന്‍സ്, തൃശൂര്‍ കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.