ഫെയര്‍സ്റ്റേജ് തര്‍ക്കം: ആര്‍ടിഎ യോഗത്തിനു ശേഷവും തീരുമാനമായില്ല
1544377
Tuesday, April 22, 2025 2:06 AM IST
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം കഴിഞ്ഞ് രണ്ടു മാസമാകാറായിട്ടും തീരുമാനം വൈകുന്നു. മലയോരഗ്രാമങ്ങളിലേക്കുള്ള ഫെയര്‍സ്റ്റേജ് പരിഷ്കരണത്തിലടക്കം എന്തുചെയ്തെന്ന കാര്യമാണ് പ്രസിദ്ധീകരിക്കാത്തത്. ഫെബ്രുവരി 19ന്റെ യോഗം കഴിഞ്ഞ് ശനിയാഴ്ച രണ്ടുമാസം പൂര്‍ത്തിയാകും.
ഇതിനുശേഷം ചേര്‍ന്ന പത്തനംതിട്ട, വടകര, തൃശൂര്‍, കോഴിക്കോട്, പാലക്കാട് യോഗങ്ങളുടെ തീരുമാനങ്ങളെല്ലാം ഇതിനകം മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റിലെത്തി. മാര്‍ച്ച് ആദ്യവാരം ചേര്‍ന്ന യോഗങ്ങളുടെ തീരുമാനം പോലും അതേമാസം തന്നെ പ്രസിദ്ധീകരിച്ചപ്പോഴാണ് കാസര്‍ഗോട്ടെ ഉദ്യോഗസ്ഥര്‍ ഉഴപ്പുന്നത്.
ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞങ്ങാട് കൊന്നക്കാട്, ഏഴാംമൈല്‍, കാലിച്ചാനടുക്കം റൂട്ടുകളിലെ ഫെയര്‍സ്റ്റേജ് പരിഷ്കരണം അജണ്ടയായി പരിഗണിച്ചിരുന്നു. ഫെയര്‍സ്റ്റേജ് ശാസ്ത്രീയമായി പുനഃക്രമീകരിച്ചാല്‍ ഈ റൂട്ടിലെ എല്ലാ ബസുടമകള്ക്കുമായി പ്രതിദിന വരുമാനത്തില്‍ അരലക്ഷത്തോളം രൂപയുടെ കുറവുണ്ടാകും. ഇതാണ് പരമാവധി വൈകിപ്പിക്കാന്‍ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
കാഞ്ഞങ്ങാടിനും മാവുങ്കാലിനും ഇടയില്‍ കിഴക്കുംകര സ്റ്റേജ് ഈടാക്കുന്നത് തട്ടിപ്പാണെന്ന് ആരോപിച്ച് പരാതി ഉയര്‍ന്നിരുന്നു. 1974ല്‍ ഫെയര്‍സ്റ്റേജ് നിര്‍ണയിച്ച രേഖകളടക്കം പുറത്തുവന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ബസുകളില്‍ നിന്ന് പിഴ ഈടാക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെയാണ് ബസുടമകള്‍ ആര്‍ടിഒയെ സമീപിച്ച് ഫെയര്‍സ്റ്റേജ് പരിഷ്കരിക്കുന്നത് വരെ നിയമനടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്.
ഏഴുമാസത്തോളം നടപടി വൈകിപ്പിച്ചതോടെ അരക്കോടിയിലേറെ രൂപയാണ് ജനങ്ങളില്‍ നിന്ന് അമിതമായി വാങ്ങിയത്. യോഗ തീരുമാനം പുറത്ത് വന്നാല്‍ കിഴക്കുംകര സ്റ്റേജ് കണക്കാക്കി നിരക്ക് വാങ്ങുന്നതിനെതിരെ വീണ്ടും നടപടിയെടുക്കേണ്ടി വരും. കൊന്നക്കാട്, കാലിച്ചാനടുക്കം റൂട്ടിലെ ബസുകളിലെ യാത്രക്കാര്‍ക്ക് അഞ്ചു രൂപ വരെ ടിക്കറ്റ് നിരക്കും കുറവുവരും.