പാർക്കിംഗ് കേന്ദ്രമായി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ്
1541945
Saturday, April 12, 2025 1:49 AM IST
കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡിൽ ബസുകളെ കയറ്റാനുള്ള അറ്റകൈ പ്രയോഗമെന്ന നിലയിൽ പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ട നഗരസഭയുടെ തീരുമാനം മൂലമുണ്ടായ ഗതാഗതക്കുരുക്കിന് പത്തുദിവസം കഴിഞ്ഞിട്ടും ശമനമായില്ല. വിഷുത്തിരക്ക് കൂടി തുടങ്ങിയതോടെ നഗരത്തിൽ ആളുകളും വാഹനങ്ങളും വഴിയോര കച്ചവടക്കാരും തലങ്ങും വിലങ്ങും നിന്ന് വലയുകയാണ്. ഇതുമൂലം നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ പറയുന്നു.
ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് ചെയ്യാനെന്ന പേരിൽ അടച്ചിട്ട പഴയ ബസ് സ്റ്റാൻഡ് ഇതിനിടയിൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാർക്കിംഗ് കേന്ദ്രമായി മാറി. നേരത്തേ കുണ്ടും കുഴിയുമായി കിടന്ന ടാറിംഗ് ചില ഭാഗങ്ങളിൽകൂടി അടർത്തിമാറ്റിയതല്ലാതെ ഇവിടെ മറ്റു പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം ഏതാനും വഴിയോര കച്ചവടക്കാരും ഇവിടം കൈയടക്കിയിട്ടുണ്ട്.
തിരക്കിട്ട് പ്രവൃത്തികളൊന്നും തുടങ്ങാൻ ഉദ്ദേശിച്ചായിരുന്നില്ല നഗരസഭ പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ടതെന്ന് നേരത്തേ വ്യക്തമായിരുന്നു.
പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കുക മാത്രമായിരുന്നു നഗരസഭയുടെ ഉദ്ദേശ്യമെങ്കിൽ അതിന് വിഷുത്തിരക്ക് കഴിയുന്നതുവരെയെങ്കിലും കാത്തുനിൽക്കാമായിരുന്നുവെന്ന് വ്യാപാരികളും നാട്ടുകാരും ഒരുപോലെ പറയുന്നു. അതിനു മുമ്പ് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ ബസുകൾ നിർത്താനുള്ള സ്ഥലങ്ങളും ഓട്ടോ സ്റ്റാൻഡുകളും കൃത്യമായി ക്രമീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു. ഇപ്പോൾ ബസുകൾ തലങ്ങും വിലങ്ങും വന്ന് നിർത്തുന്നതിനിടയിൽ യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമൊരുക്കാൻ പോലും ട്രാഫിക് ഡ്യൂട്ടിയുള്ള ഹോം ഗാർഡുകൾ ബുദ്ധിമുട്ടുകയാണ്.
ഇതിനിടയിൽ തുണിത്തരങ്ങളും ബാഗും ചെരിപ്പും ഫാൻസി സാധനങ്ങളുമൊക്കെയായി ദൂരസ്ഥലങ്ങളിൽ നിന്നെത്തി വഴിയോര കച്ചവടം നടത്തുന്നവരും കണിക്കലങ്ങളും കൊന്നപ്പൂവും നാടൻ പച്ചക്കറികളുമൊക്കെ വില്ക്കാനെത്തിയ നാട്ടുകാരും കിട്ടുന്ന ഇടങ്ങളെല്ലാം കൈയടക്കുമ്പോൾ നഗരത്തിന് അക്ഷരാർത്ഥത്തിൽ വീർപ്പുമുടടുകയാണ്. ആളുകൾക്കും വാഹനങ്ങൾക്കും നിൽക്കാൻ ഇടമില്ലാത്തത് ഇവരുടെ കച്ചവടത്തെയും ബാധിക്കുന്നുണ്ട്.
ഇതിനിടയിൽ ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ നിന്നെത്തുന്നവരും നഗരത്തിന്റെ തന്നെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരും ഒരു പൊതുവായ ബസ് സ്റ്റാൻഡായി ഇനിയും ഇവിടം ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടില്ല. ഇവിടെനിന്ന് നഗരകേന്ദ്രത്തിലേക്ക് മൂന്നു കിലോമീറ്ററോളം ദൂരമുണ്ടെന്നതു തന്നെയാണ് പ്രശ്നം.
ഇന്നും നാളെയും വിഷുവിനു മുമ്പുള്ള അവധിദിനങ്ങളായതിനാൽ നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രണാതീതമാകുമെന്ന് ഉറപ്പാണ്. തിരക്കേറുമ്പോഴും കച്ചവടം കുറയുന്നത് നഗരത്തിലെ വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാവുകയും ചെയ്യുന്നു.