കാസർഗോഡ് ബസ് സ്റ്റാൻഡ് കന്നുകാലികൾ കൈയടക്കുന്നു
1541615
Friday, April 11, 2025 1:38 AM IST
കാസർഗോഡ്: ബസ് സ്റ്റാൻഡിൽ ബസുകളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി കന്നുകാലികളുടെ ആധിപത്യം. യാർഡിൽ അവിടവിടെയായി കിടക്കുന്ന പശുക്കൾ ബസുകൾ വന്ന് ഹോണടിച്ചാൽപോലും എഴുന്നേറ്റു മാറാത്ത നിലയാണ്. എങ്ങാനും വണ്ടിയിടിച്ച് പരിക്കേൽക്കുകയാണെങ്കിൽ ഉടമസ്ഥർ ഓടിയെത്തി നഷ്ടപരിഹാരം കണക്കുപറഞ്ഞ് വാങ്ങുകയും ചെയ്യും.
പശുക്കളെ ബസ് സ്റ്റാൻഡ് പരിസരത്ത് കയറൂരിവിട്ട് വളർത്തുന്ന നിരവധി ഉടമകളുണ്ടെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. പലരും രാത്രിയായാൽ പോലും ഇവയെ വീട്ടിലേക്ക് കൂട്ടാറില്ല. ഇരുപതോളം പശുക്കൾ പതിവായി ബസ് സ്റ്റാൻഡ് പരിസരത്തുണ്ട്. രാത്രികാലങ്ങളിലും ബസ് സ്റ്റാൻഡ് യാർഡിലും വരാന്തയിലുമായാണ് ഇവ കിടക്കുന്നത്.
നേരം പുലർന്ന് കട തുറക്കുമ്പോൾ വരാന്തയിലെ ചാണകവും മൂത്രവും കഴുകി വൃത്തിയാക്കുകയായിരിക്കും മിക്കവാറും വ്യാപാരികളുടെ ആദ്യത്തെ ജോലി. കറവ വറ്റിയതിനാൽ ഉടമസ്ഥർ ഉപേക്ഷിച്ച പശുക്കളും കൂട്ടത്തിലുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ടൗണിലും ബസ് സ്റ്റാൻഡ് യാർഡിലും സ്വൈരവിഹാരം നടത്തുന്ന പശുക്കൾ പകൽസമയങ്ങളിലും അപകടഭീഷണി ഉയർത്തുന്നുണ്ട്. പെട്ടെന്ന് മുന്നിലേക്ക് കയറിവരുന്ന പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്ന ബസുകൾ മറ്റു വാഹനങ്ങളെയോ കാൽനടയാത്രക്കാരെയോ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ സംബന്ധിച്ച് നാട്ടുകാരുടെയും വ്യാപാരികളുടെയും ഭാഗത്തുനിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം അറിയിച്ചു. പരാതികളും അപകടങ്ങളും ഒഴിവാക്കാൻ ഉടമകൾ തന്നെ ശ്രദ്ധിക്കണമെന്നും പശുക്കളെ കെട്ടിയിട്ട് വളർത്തണമെന്നും നിർദേശം നല്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ ഉടമകൾക്കെതിരെ നഗരസഭ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.