സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് മേയ് മൂന്നിനും നാലിനും
1541622
Friday, April 11, 2025 1:38 AM IST
കാസർഗോഡ്: ജില്ലയിലെ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് അടുത്ത മാസം മൂന്നിനും നാലിനുമായി നടക്കും. കാസർഗോഡ് സർക്കിളിൽ മൂന്നിന് നഗരസഭ കോൺഫറൻസ് ഹാളിലും ഹൊസ്ദുർഗ് സർക്കിളിൽ നാലിന് യുബിഎംസി എഎൽപി സ്കൂളിലും രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്.
2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു സർക്കിളുകളിലും എൽഡിഎഫിനായിരുന്നു വിജയം. ഹൊസ്ദുർഗിൽ ആകെയുള്ള 11 സീറ്റുകളും എൽഡിഎഫ് നേടിയപ്പോൾ കാസർഗോട്ട് ഏഴു സീറ്റുകൾ എൽഡിഎഫും നാലു സീറ്റുകൾ ബിജെപിയും നേടി. പ്രാഥമിക വായ്പാ സഹകരണസംഘങ്ങളുടെ വിഭാഗത്തിലാണ് ആകെയുള്ള നാലു സീറ്റുകളും ബിജെപി നേടിയത്.
ഈ വിഭാഗത്തിൽ ഇത്തവണയും അവർ വിജയം പ്രതീക്ഷിക്കുന്നുണ്ട്. 32 പ്രാഥമിക വായ്പ സഹകരണ സംഘങ്ങളിൽനിന്നുള്ള 341 ഭരണസമിതി അംഗങ്ങൾക്കും 457 ജീവനക്കാർക്കുമാണ് ഈ വിഭാഗത്തിൽ വോട്ടവകാശമുള്ളത്. ഇതിൽ 13 എണ്ണം സഹകരണ മേഖലയിലെ ബിജെപി അനുകൂല സംഘടനയായ സഹകാർ ഭാരതിയും 11 എണ്ണം എൽഡിഎഫും എട്ടിടത്ത് യുഡിഎഫുമാണ് ഭരിക്കുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള ദേലംപാടി സർവീസ് സഹകരണ ബാങ്കിന് ഇത്തവണ സഹകരണ യൂണിയനിൽ ഫീസടച്ച് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തതിനാൽ അവിടെ നിന്നുള്ളവർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായി. അതുകൊണ്ടുതന്നെ ബിജെപി വിജയം നേടുന്നത് തടയണമെങ്കിൽ ഇനി മിക്കവാറും എൽഡിഎഫ് യുഡിഎഫുമായി അടവുനയം സ്വീകരിക്കേണ്ടിവരും.
വിവിധ മേഖലകളിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രൂപീകരിച്ച പുതിയ സംഘങ്ങളെല്ലാം എൽഡിഎഫ് നിയന്ത്രണത്തിലുള്ളതാണ്. കാർഷിക വായ്പ സംഘങ്ങളല്ലാത്തവയിൽ നിന്ന് 1050 ഭരണസമിതി അംഗങ്ങൾക്കും 719 ജീവനക്കാർക്കും വോട്ടുണ്ട്. ക്ഷീരസംഘങ്ങളിലും മത്സ്യത്തൊഴിലാളി സംഘങ്ങളിലും നിന്ന് 201 ഭരണസമിതി അംഗങ്ങൾക്കും വ്യവസായ സംഘങ്ങളിൽനിന്ന് 69 പേർക്കുമാണ് വോട്ടുള്ളത്.
ഹോസ്ദുർഗ് സർക്കിളിൽ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിലുൾപ്പെടെ ഇത്തവണയും എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ട്. എങ്കിലും പരമാവധി വോട്ടുകൾ സമാഹരിച്ച് ശക്തമായ പോരാട്ടത്തിനാണ് യുഡിഎഫ് ശ്രമം.