ഓട്ടോഡ്രൈവര്‍ വെട്ടേറ്റ് കിണറ്റില്‍ മരിച്ചനിലയില്‍
1541829
Friday, April 11, 2025 10:11 PM IST
മഞ്ചേശ്വരം: കര്‍ണാടക സ്വദേശിയായ ഓട്ടോഡ്രൈവറെ വെട്ടേറ്റ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക മുല്‍ക്കി കൊളനാട് സ്വദേശിയും മംഗളുരുവിലെ ഓട്ടോഡ്രൈവറുമായ മുഹമ്മദ് ഷെരീഫ് (52) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയാണ് കുഞ്ചത്തൂര്‍ അടുക്കപ്പള്ളയിലെ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പുറത്തെടുത്ത മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന കാര്യം പൊലീസ് ഉറപ്പിച്ചത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കിണറിനു സമീപത്ത് ഒരു ഓട്ടോറിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയില്‍ കണ്ട വഴി യാത്രക്കാരനാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനരികില്‍ ചോരത്തുള്ളികളും ചെരുപ്പും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ഓട്ടോയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാത്രി മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് മുല്‍ക്കി പോലീസില്‍ കേസുണ്ടെന്നും കണ്ടെത്തി.
കൊലപാതകത്തിനു പിന്നില്‍ മൂന്നുപേരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച മൂന്നുപേര്‍ മംഗളൂരുവില്‍ വച്ച് ഷെരീഫിന്റെ ഓട്ടോയില്‍ കയറിയിരുന്നു. ഇവര്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സാധാരണ ഓട്ടം കഴിഞ്ഞ് രാത്രി 10നു മുമ്പ് വീട്ടിലെത്താറുള്ള ഷെരീഫ് വ്യാഴാഴ്ച രാവിലെയായിട്ടും എത്താത്തതിനെതുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഭാര്യ: സെയ്ദ. മക്കള്‍: നൗഷാദ്, ആസിഫ്, അഫ്രീദ്.