കണ്മുന്നില് തീഗോളമായി കൂട്ടുകാരി; നടുക്കം വിട്ടുമാറാതെ സജിത
1541297
Thursday, April 10, 2025 12:54 AM IST
ഷൈബിന് ജോസഫ്
ബേഡകം (കാസര്‍ഗോഡ്): കണ്മുന്നില് പ്രിയ കൂട്ടുകാരി ഒരു തീഗോളമായി മാറുന്നത് കാണേണ്ടി വന്നതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ അയല്‍വാസി കെ.സജിത. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.20ഓടെ മുന്നാട് മണ്ണടുക്കത്ത് പലചരക്ക് കട നടത്തുന്ന സി.രമിതയെ (30) തമിഴ്നാട് സ്വദേശി രാമാമൃതം പെയിന്റ് തിന്നര്‍ ഒഴിച്ച് തീകൊളുത്തിയത്. പനയാല്‍ സര്‍വീസ് സഹകരണബാങ്കിലെ ജീവനക്കാരിയായ സജിത രമിതയുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു.
എന്നാല്‍ സ്കൂട്ടറിന്റെ താക്കോലും പഴ്സും കടയില്‍ വച്ച് മറന്നതിനാല്‍ സജിതയെ രമിത തിരികെ വിളിച്ചു. സജിത കടയിലേക്ക്പോകാന് തുടങ്ങവേ കടയ്ക്കു സമീപം പതുങ്ങിനിന്ന രാമാമൃതം ഓടിയെത്തി തന്റെ കൈവശം കരുതിയ പെയിന്റ് തിന്നര്‍ രമിതയുടെ ദേഹത്തൊഴിക്കുകയും പന്തം കൊണ്ട് തീളുകൊളുത്തുകയുമായിരുന്നു. 'ദേഹമാസകലം തീപടര്‍ന്ന രമിത കടയ്ക്കുള്ളില്‍ വട്ടത്തില്‍ ഓടുകയായിരുന്നു. പുറത്തേക്കിറങ്ങി നിലത്തുകിടന്നുരുളാന് ഞാന്‍ അലറിവിളിച്ച് പറഞ്ഞു. അപ്പോഴാണ് ശ്രീകൃഷ്ണ ബസ് അവിടെയെത്തുന്നത്. യാത്രക്കാര്‍ ഓടിയെത്തി രമിതയുടെ ദേഹത്തു വെള്ളമൊഴിച്ചു. അപ്പോഴേക്കും രമിതയ്ക്ക് മാരകമായി പൊള്ളലേറ്റിരുന്നു. ഇതെല്ലാം അഞ്ചു മിനുറ്റിനുള്ളില്‍ സംഭവിച്ചു.'-സജിത പറയുന്നു.
അതേസമയം ബസ് പോകാന്‍ തുടങ്ങുമ്പോഴേക്കും പ്രതി രാമാമൃതവും ഇതില്‍ കയറി. അയാളാണ് തീകൊളുത്തിയതെന്ന് സജിത വിളിച്ചുപറഞ്ഞപ്പോള്‍ ബസിന്റെ രണ്ടു വാതിലുകളും ഡ്രൈവര്‍ ലോക്ക് ചെയ്യുകയും ബസ് നേരെ ബേഡകം പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പോലീസിന് കൈമാറുകയുമായിരുന്നു.
യാതൊരു കൂസലുമില്ലാതെ ശാന്തനായാണ് പ്രതി ബസിലുണ്ടായിരുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. സജിതയുടെ പരാതിയിലാണ് ബേഡകം പോലീസ് കേസെടുത്തത്. മദ്യലഹരിയിലുള്ള ആളുടെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിയമം ഉള്ളതിനാല്‍ കസ്റ്റഡിയിലെടുത്ത് 20 മണിക്കൂറിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആറുമാസം മുമ്പാണ് രാമാമൃതം രമിതയുടെ കടയുടെ സമീപത്ത് ഫര്‍ണിച്ചര്‍ കച്ചവടം ആരംഭിക്കുന്നത്. മദ്യലഹരിയില്‍ ഇയാള്‍ രമിതയെ അസഭ്യം പറയുകയും തുറിച്ചുനോക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതില്‍ മനംമടുത്ത് രമിത രണ്ടാഴ്ച മുമ്പ് ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെങ്കിലും ഇയാളെ താക്കീത് ചെയ്തിരുന്നു. മാത്രമല്ല ഇയാളോട് ഇവിടെ നിന്നുഒഴിഞ്ഞുപോകാന് പോലീസും കെട്ടിട ഉടമ കരുണാകരനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കടമുറി ഒഴിഞ്ഞ് സാധനങ്ങളുമായി പോകവെയാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്.
രമിതയുടെ നില
അതീവ ഗുരുതരം
മംഗളൂരു എജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രമിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അരയ്ക്കുമേല്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അസഹനീയമായ വേദനയുള്ളതിനാല്‍ ഓരോ ആറു മണിക്കൂര്‍ ഇടവിട്ട് വേദനസംഹാരി നല്‍കുന്നുണ്ട്. നാലു ദിവസം കഴിഞ്ഞേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്ന് ഡോക്ടര്‍മാർ പറയുന്നു. വിവരമറിഞ്ഞ് ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് നന്ദകുമാര്‍ നാട്ടിലെത്തിയിട്ടുണ്ട്.