തെങ്ങിൻതൈ നേരിട്ട് വിൽക്കാൻ കാർഷിക സർവകലാശാല
1541299
Thursday, April 10, 2025 12:54 AM IST
നീലേശ്വരം: നാളികേര വികസന പദ്ധതി പ്രകാരം മുൻവർഷങ്ങളിൽ കൃഷിഭവനുകൾ മുഖേന വിതരണം ചെയ്ത അത്യുത്പാദനശേഷിയുള്ള സങ്കരയിനം തെങ്ങിൻതൈകളുടെ വില കൃഷിവകുപ്പിൽ നിന്ന് കാർഷിക സർവകലാശാലയ്ക്ക് ഇനിയും കിട്ടിയില്ല. ഇതോടെ ഈ വർഷം കൃഷി വകുപ്പ് മുഖേനയുള്ള തെങ്ങിൻതൈ വില്പന വേണ്ടെന്നുവച്ച് പഴയപടി കാർഷിക ഗവേഷണകേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് കർഷകർക്ക് വിതരണം ചെയ്യാനാണ് തീരുമാനം.
അത്യുത്പാദന ശേഷിയുള്ള കേരശ്രീ, കേരഗംഗ, ലക്ഷഗംഗ, അനന്തഗംഗ തുടങ്ങിയ തൈകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഇവയെല്ലാം കർഷകർക്ക് നേരിട്ടെത്തി പണമടച്ച് വാങ്ങാൻ സംവിധാനമൊരുക്കും. ഇതോടെ കൃഷിവകുപ്പ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ നാളികേര വികസനപദ്ധതിക്കും ഏറെക്കുറെ വിരാമമായി.
കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽനിന്ന് 350 രൂപയ്ക്ക് വില്പന നടത്തുന്ന തെങ്ങിൻതൈ 250 രൂപയ്ക്കാണ് മുൻവർഷങ്ങളിൽ കൃഷിവകുപ്പിന് നല്കിയത്. കൃഷിവകുപ്പ് കർഷകർക്ക് 125 രൂപയ്ക്കാണ് കൊടുത്തത്. ബാക്കി 125 രൂപ സർക്കാരിന്റെ സബ്സിഡിയായിരുന്നു. എന്നാൽ സബ്സിഡി കഴിച്ച് കർഷകരിൽ നിന്നു വാങ്ങിയ 125 രൂപ പോലും ഇതുവരെ കാർഷിക സർവകലാശാലയ്ക്ക് പൂർണമായും കൈമാറിയില്ല.
2023-24 വർഷം 3,06,585 തെങ്ങിൻ തൈകൾ കൃഷിവകുപ്പിന് നല്കിയ വകയിൽ 2.02 കോടി രൂപ മാത്രമാണ് ഇതുവരെ കിട്ടിയത്. എങ്കിലും 2024-2025 വർഷം 1,77,397 തൈകൾ കൂടി നല്കി. ഈ വകയിൽ 2.53 കോടി രൂപയും ഇനി കിട്ടാൻ ബാക്കിയുണ്ട്. തൈകളുടെ ഉത്പാദനച്ചെലവ് പോലും കിട്ടാതായതോടെ സർവകലാശാലയിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
പടന്നക്കാട് കാർഷിക കോളജിന് 97 ലക്ഷം രൂപയും പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിന് 27.63 ലക്ഷം രൂപയുമാണ് മുൻവർഷത്തെ തെങ്ങിൻതൈ വില്പനയുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിൽനിന്ന് കിട്ടാനുള്ളത്. കർഷകരുടെ തോട്ടങ്ങളിലെ മികച്ച തെങ്ങുകൾ ഏറ്റെടുത്ത് പൂക്കുലകളിൽ പരാഗണം നടത്തിയാണ് സങ്കരയിനം വിത്തുതേങ്ങകൾ ഉല്പാദിപ്പിക്കുന്നത്. ഒരു തേങ്ങയ്ക്ക് 50 രൂപ നിരക്കിലാണ് ബന്ധപ്പെട്ട കർഷകർക്ക് കൊടുക്കേണ്ടത്. കൃഷിവകുപ്പിൽ നിന്ന് പണം കിട്ടാതായതോടെ സർവകലാശാലയുടെ മറ്റു ഫണ്ടുകളിൽ നിന്ന് തുക വകമാറ്റിയാണ് ഈ തുക പോലും കൊടുത്തത്. ഇതേ സ്ഥിതി ഈ വർഷവും ആവർത്തിക്കാൻ കഴിയില്ലെന്നാണ് സർവകലാശാലയുടെ തീരുമാനം.
നാളികേര വികസനപദ്ധതി പ്രകാരമുള്ള തെങ്ങിൻതൈ വില്പന കൃഷിവകുപ്പിനും ഫലത്തിൽ നഷ്ടക്കച്ചവടമായിരുന്നു.
പലയിടത്തും കൃഷിഭവനുകളിൽ തെങ്ങിൻതൈകൾ കെട്ടിക്കിടന്ന് നശിക്കുകയായിരുന്നു. ഓരോ കൃഷിഭവനിലേക്കും ആവശ്യത്തിലധികം തെങ്ങിൻതൈകൾ എത്തിച്ചതോടെയാണ് അവ വാങ്ങാനാളില്ലാതായത്. മറ്റു പദ്ധതികളുടെ ഗുണഭോക്താക്കളായ കർഷകർ ഒരു തെങ്ങിൻതൈയെങ്കിലും വാങ്ങണമെന്ന് കൃഷിഭവൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്ന സാഹചര്യവും പലയിടങ്ങളിലും ഉണ്ടായിരുന്നു. ഈ വർഷം പദ്ധതിയിൽ നിന്ന് തലയൂരാൻ കഴിയുന്നത് കൃഷിവകുപ്പിനും ആശ്വാസമാകും.