കുന്നിടിച്ച ഭാഗങ്ങൾ ബലപ്പെടുത്തുന്നത് പഠിക്കാൻ റിട്ട. ഐഐടി പ്രഫസർ
1541300
Thursday, April 10, 2025 12:54 AM IST
കാസർഗോഡ്: ജില്ലയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുന്നിടിച്ച ഭാഗങ്ങൾ മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാകാത്ത വിധത്തിൽ ബലപ്പെടുത്തുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഐഐടിയിലെ റിട്ട. പ്രഫസർ കെ.എസ്.റാവുവിനെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. ചെറുവത്തൂർ വീരമലക്കുന്ന്, മട്ടലായി എന്നിവിടങ്ങളിൽ സ്ഥാപിക്കേണ്ട സുര ക്ഷാ സംവിധാനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം തെക്കിൽ, ബേവിഞ്ച എന്നിവിടങ്ങളിലും കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നെങ്കിലും ഈ ഭാഗങ്ങൾ തത്കാലം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. റോഡ് നിർമാണത്തിനായി അധികം ഉയരമില്ലാതെ കുന്നിടിച്ച ഭാഗങ്ങൾ ബലപ്പെടുത്താൻ ഷോട്ട് ക്രീറ്റ്, സോയിൽ നെയിലിംഗ് തുടങ്ങിയ മാർഗങ്ങളാണ് സാധാരണ അവലംബിക്കുന്നത്. കുന്നിടിച്ച വശങ്ങളിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കി കോൺക്രീറ്റും കമ്പിവലകളും ഉപയോഗിച്ച് ബലപ്പെടുത്തുന്ന രീതിയാണ് ഇത്.
എന്നാൽ കൂടുതൽ ഉയരവും വലിപ്പവുമുള്ള കുന്നുകളിൽ ഈ രീതി വിജയിക്കണമെന്നില്ല. തെക്കിൽ കുന്നിന്റെ വശത്ത് നിർമിച്ച ഷോട്ട് ക്രീറ്റ്, സോയിൽ നെയിലിംഗ് പാളികൾ കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിലിൽ തകർന്നിരുന്നു. കുന്നിനുള്ളിൽ വെള്ളം നിറയുമ്പോൾ അതിന്റെ ഭാരവും മർദവും താങ്ങാനാകാതെയാണ് കോൺക്രീറ്റ് ആവരണം തകർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്.
മലകളുടെ ഉള്ളിൽ നിറയുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കിയില്ലെങ്കിൽ അത് ഉരുൾപൊട്ടലിനു വരെ വഴിവച്ചേക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം കർണാടകയിലെ ഷിരൂരിൽ സംഭവിച്ചതും അതാണ്.
കുത്തനെ മലയിടിച്ച ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 90 ഡിഗ്രിയിൽ മലയിടിച്ചാലാണ് അതിനെ കുത്തനെയുള്ള ഇടിവായി കണക്കാക്കുന്നത്. ജില്ലയിൽ മലയിടിച്ച മിക്കവാറും ഭാഗങ്ങളിലെല്ലാം ചരിവ് 80 ഡിഗ്രിയോടടുത്താണ്. മണ്ണിടിച്ചിൽ ഭീഷണിയില്ലാതെ സുരക്ഷിതമായി മലയിടിക്കുന്നതിനുള്ള ചരിവ് 30 ഡിഗ്രിയാണെന്നിരിക്കേയാണ് വീരമലയിലും തെക്കിലിലുമെല്ലാം 90 ഡിഗ്രിയോടടുത്ത കണക്കിൽ തന്നെ മലയിടിച്ചിരിക്കുന്നത്.
ഇനി ചരിവ് 30 ഡിഗ്രിയായി കുറയ്ക്കണമെങ്കിൽ ഇവിടങ്ങളിലെല്ലാം കൂടിതൽ സ്ഥലം ഏറ്റെടുക്കുകയും കുന്നിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിക്കുകയും ചെയ്യേണ്ടിവരും. അതിനേക്കാൾ പ്രായോഗികമായ വഴി ഇവിടങ്ങളിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുകയായിരിക്കുമെന്നാണ് നിഗമനം.
തെക്കിലിലും വീരമലക്കുന്നിലും നേരത്തേ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോയിരുന്ന വഴികളെല്ലാം ഇപ്പോൾ കോൺക്രീറ്റ് ചെയ്ത് അടച്ച നിലയിലാണ്. വെള്ളം ഒഴുകിപ്പോകാൻ വഴി വിട്ടില്ലെങ്കിൽ അത് ദുരന്തത്തെ ക്ഷണിച്ചുവരുത്തലാകും. മലകൾക്കുള്ളിൽ സംഭരിക്കപ്പെടുന്ന അധിക ജലം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമൊരുക്കിയതിനു ശേഷം ബാക്കി ഭാഗങ്ങളിൽ ബലവത്തായ അടിത്തറയോടുകൂടി കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുകയാണ് മലയിടിച്ചിൽ തടയാനുള്ള ഫലപ്രദമായ മാർഗമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയമായ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുകയായിരിക്കും പ്രഫ.കെ.എസ്. റാവുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതല. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ രൂപരേഖ തയ്യാറാക്കിയാകും ബലപ്പെടുത്തൽ പ്രവൃത്തികൾ നടത്തുക.