സൈക്ലോണ്‍ പ്രതിരോധ തയാറെടുപ്പ് മോക്ഡ്രില്‍ ഇന്ന്
1541624
Friday, April 11, 2025 1:38 AM IST
കാസര്‍ഗോഡ്: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും സംയുക്തമായി ഇന്നു സംസ്ഥാന വ്യാപകമായി മോക്ഡ്രില്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മടക്കര ഹാര്‍ബര്‍, കൊട്ടോടി ടൗണ്‍ എന്നിവിടങ്ങളില്‍ സൈക്ലോണ്‍ പ്രതിരോധ തയ്യാറെടുപ്പ് മോക്ക്ഡ്രില്‍ ഇന്നു രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്കു 12 വരെ നടത്തും.
ഈ പ്രദേശത്ത് താമസിക്കുന്ന ആളുകളെ വീടുകളില്‍ നിന്നും ഒഴിപ്പിക്കും. മുന്നറിയിപ്പ് ലഭിച്ചാല്‍ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങളെ പര്യാപ്തരാക്കുന്നതിനും അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രാപ്തമാക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഇതൊരു പരിശീലന പരിപാടി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല എന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും അറിയിച്ചു.