സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷിക ആഘോഷവും നാളെ
1541623
Friday, April 11, 2025 1:38 AM IST
പിലിക്കോട്: വിവിധ പദ്ധതികളിൽ 96 ലക്ഷം രൂപ ചെലവിൽ ചന്തേര ഗവ. യുപി സ്കൂളിനായി നിർമിച്ച ആറു ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന കെട്ടിട ഉദ്ഘാടനവും സ്കൂളിന്റെ 111-ാ മത് വാർഷികാഘോഷവും നാളെ രാവിലെ 11ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.
കാസർഗോഡ് വികസന പാക്കേജിൽ 66 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച നാലു ക്ലാസ് മുറികളും എം.രാജഗോപാലൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ 28 ലക്ഷം രൂപ ചെലവിൽ നിർമിച്ച രണ്ടു ക്ലാസ് മുറികളും ഉൾക്കൊള്ളുന്നതാണ് പുതുതായി പണിത കെട്ടിടം. സ്കൂളിന്റെ വാർഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടക്കും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷതവഹിക്കും. തുടർന്ന് പൂർവാധ്യാപക-വിദ്യാർത്ഥി സംഗമം നടക്കും.
വൈകുന്നേരം ആറിന് സംസ്കാരിക സന്ധ്യയിൽ യാത്രയയപ്പും നടക്കും. സി.എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ മുഖ്യാധ്യാപകൻ എം.വി.ചന്ദ്രൻ, പിടിഎ പ്രസിഡന്റ് സി.പ്രദീപൻ, വി.വി.നാരായണൻ, ആർ.വിനോദ് എന്നിവർ സംബന്ധിച്ചു.