കാണിയൂര്‍ പാത: കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി എംപി
1541302
Thursday, April 10, 2025 12:54 AM IST
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍വേ പാതക്ക് കര്‍ണ്ണാടക സര്‍ക്കാരിന്റെ എതിര്‍പ്പില്ലാരേഖ (എന്‍ഒസി) ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. അഹമ്മദാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തിനിടെയാണ് ചര്‍ച്ച നടത്തിയത്.
2014ല്‍ നടത്തിയ സര്‍വേയുടെ വിശദവിവരം മുഖ്യമന്ത്രി ആരാഞ്ഞു. പദ്ധതിയുടെ വിശദരേഖകളുമായി ബംഗളുരുവിലെത്താമെന്ന് എംപി അറിയിച്ചു. അതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കാഞ്ഞങ്ങാട് -പാണത്തൂര്‍ -കാണിയൂര്‍ റെയില്‍പാതയുടെ നിര്‍മാണത്തിന് ആവശ്യമായ തുകയുടെ 50 ശതമാനം കര്‍ണാടക- കേരള സംസ്ഥാനങ്ങള്‍ വഹിക്കേണ്ടതാണെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. കര്‍ണ്ണാടകയുടെ വിഹിതം നല്കാന് സമ്മതം അറിയിച്ചുള്ള എന്‍ഒസി പദ്ധതിക്ക് ആവശ്യമാണ്.
പാത കര്‍ണാടകയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പകുതി തുകയും കര്‍ണാടക വഹിക്കേണ്ടതുണ്ട്. റെയില്‍വേ ഈ പദ്ധതിക്ക് മുന്‍കൈ എടുത്താല്‍ ബന്ധപ്പെട്ട തലങ്ങളിലുള്ള യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കും. മുന്‍ കര്‍ണാടക സര്‍ക്കാരുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും കേരള മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവര്‍ വേണ്ടത്ര താല്പര്യം കാണിച്ചിരുന്നില്ല. അതോടെ പദ്ധതിയുടെ നടത്തിപ്പിന് കാലതാമസം നേരിട്ടതായും എംപി പറഞ്ഞു.
കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍ പാത പദ്ധതിയുടെ മുന്നോട്ട് പോക്കിന് ഊര്‍ജം പകരുന്നതാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെന്ന് എംപി പറഞ്ഞു. കാസര്‍ഗോഡ് തിരിച്ചെത്തിയാലുടന്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ബംഗ്ലൂരെത്തി മുഖ്യമന്ത്രി സിദ്ധ രാമയ്യയെ കാണും എന്നും എംപി കൂട്ടിച്ചേര്‍ത്തു.